ഹാളണ്ടിന്റെ ഏജന്റുമായി ചർച്ചകൾ ആരംഭിക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി

നോർവിജിയൻ താരം എർലിങ് ഹാളണ്ടിന്റെ ഏജന്റ് മിനോ റയോളയുമായി ജനുവരിയിൽ ചർച്ചകൾ ആരംഭിക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു.
ഡോർട്മുണ്ടിലെ ഹാളണ്ടിന്റെ കരാർ പ്രകാരം, 75 ദശലക്ഷം യൂറോ റിലീസ് ക്ലോസ് നൽകിയാൽ 21കാരനായ താരത്തെ അടുത്ത സമ്മറിൽ മറ്റു ക്ലബ്ബുകൾക്ക് സ്വന്തമാക്കാൻ കഴിയും. മാഞ്ചസ്റ്റർ സിറ്റി ഉൾപ്പടെ വമ്പൻ ക്ലബ്ബുകൾ നോർവിജിയൻ സ്ട്രൈക്കറിനായി രംഗത്തുണ്ട്.
ദി ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ജനുവരിയിൽ തന്നെ താരത്തിന്റെ ഏജന്റ് റയോളയുമായി മാഞ്ചസ്റ്റർ സിറ്റി ചർച്ചകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ടോട്ടൻഹാം ഹോട്ട്സ്പറിൽ നിന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിനെ സൈൻ ചെയ്യാനുള്ള ശ്രമം പരാജയപെട്ടതിനാൽ, പുതിയ സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിറ്റി.
പ്രീമിയർ ലീഗ് ചാമ്പ്യന്മാരുടെ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റയും താരത്തെ സ്വന്തമാക്കാൻ സാധ്യത കൽപിക്കുന്നവരിൽ ഒരു ക്ലബാണ്. ഹാളണ്ടിന്റെ മുൻ പരിശീലകൻ കൂടിയായ ഒലെ ഗുണ്ണാർ സോൾഷെയറുടെ സാന്നിധ്യം താരത്തെ യൂണൈറ്റഡിലേക്ക് ആകർഷിക്കാൻ സാധ്യതയുള്ള ഘടകമാണ്.
ഇവർക്ക് പുറമെ, സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും, എഫ്സി ബാഴ്സലോണയും ഹാളണ്ടിനായി രംഗത്തുണ്ട്. പക്ഷെ, സാമ്പത്തിക പ്രതിസന്ധിയിലുള്ള കാറ്റലൻ ക്ലബിലേക്കുള്ള നീക്കം ഒരു വിദൂര സാധ്യത മാത്രമാണ്.
അതേ സമയം, ഹാളണ്ടിനെ ഡോർട്മുണ്ടിൽ തന്നെ നിലനിറുത്താൻ വേണ്ടി, താരത്തെ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന താരമാക്കാൻ ജർമൻ വമ്പന്മാർ തയ്യാറാണ്.