Football in Malayalam

റയൽ മാഡ്രിഡ് സൂപ്പർതാരം കരീം ബെന്‍സിമയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

Haroon Rasheed
Granada CF v Real Madrid CF - La Liga Santander
Granada CF v Real Madrid CF - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സേമയെ ടീമിലെത്തിക്കാന്‍ കരുക്കള്‍ നീക്കി പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഒരു ഒൻപതാം നമ്പർ താരത്തെ അന്വേഷിക്കുന്ന സിറ്റി, ബെന്‍സേമയുടെ ഏജന്റുമായി സിറ്റി അധികൃതര്‍ സംസാരിച്ചതായി എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സമ്മറിൽ സെര്‍ജിയോ അഗ്യൂറോ ക്ലബ് വിട്ടതിന് ശേഷം മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം സിറ്റിക്കുണ്ട്. ഗബ്രിയേല്‍ ജീസുസ് വിങ്ങറുടെ റോളിലേക്ക് മാറുകയും ചെയ്തതോടെയാണ് സിറ്റിക്ക് സ്‌ട്രൈക്കറെ അത്യാവശ്യമായി വന്നത്. ഫില്‍ ഫോഡന്‍, കെവിന്‍ ഡിബ്രൂയിന്‍, ഫെറാന്‍ ടോറസ് എന്നിവര്‍ക്കാര്‍ക്കും ഒന്‍പതാം നമ്പറില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സമ്മറില്‍ ഹാരി കെയിനിനെ ടീമിലെത്തിക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഡോര്‍ട്മുണ്ട് താരം എര്‍ളിങ് ഹാളണ്ടിനായി സിറ്റി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതും നടക്കാതിരുന്നതോടെ ലൂക്കാക്കുവിന് വേണ്ടിയുള്ള ശ്രമവും സിറ്റി നടത്തിയിരുന്നു. ഇതും പരാജായപ്പെടുകയായിരുന്നു. കെയിനിനായി അടുത്ത സമ്മറിലും ശ്രമം നടത്താൻ ഉദ്ദേശിക്കുന്ന സിറ്റി ഹാളണ്ടിന് വേണ്ടിയുള്ള ശ്രമവും ഉപേക്ഷിച്ചിട്ടില്ല.

അതേ സമയം, അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി മാറുന്ന ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലെത്തുകയാണെങ്കില്‍ ഒരുപക്ഷെ ബെന്‍സിമയെ സ്വന്തമാക്കാന്‍ സിറ്റിക്ക് കഴിഞ്ഞേക്കും. എംബാപ്പെക്ക് പുറമെ, ഹാളണ്ടിനെയും റയൽ സ്വന്തമാക്കുകയാണെങ്കിൽ, സ്പാനിഷ് ക്ലബിൽ ബെൻസിമയുടെ അവസരങ്ങൾ കുറയാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ, ബെൻസിമയെ സിറ്റിക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

അതേ സമയം, 2018ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതിന് ശേഷം റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയുടെ നെടുന്തൂണാണ് ബെന്‍സിമ. ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി 15 ഗോള്‍ സ്വന്തമാക്കിയ ബെന്‍സിമ, റൊണാൾഡോ ക്ലബ് വിട്ടതിന് ശേഷമുള്ള മൂന്നര വര്‍ഷത്തിനുള്ളില്‍ 100ൽ കൂടുതൽ ഗോളുകളാണ് സ്പാനിഷ് വമ്പൻമാർക്ക് വേണ്ടി സ്വന്തമാക്കിയത്.


facebooktwitterreddit