Football in Malayalam

കാൻസെലോക്കും കുടുംബത്തിനും നേരെ ആക്രമണം, മാഞ്ചസ്റ്റർ സിറ്റി താരത്തിനു പരിക്ക്

Sreejith N
Aston Villa v Manchester City - Premier League
Aston Villa v Manchester City - Premier League / Naomi Baker/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് ഫുൾ ബാക്കായ ജോവ കാൻസലോക്കും കുടുംബത്തിനും നേരെ നാലു പേരുടെ ആക്രമണം. താരം തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിൽ താരത്തിന്റെ പുരികത്തിന്റെ മുകളിൽ മുറിവ് പറ്റുകയും കണ്ണിന്റെ വശങ്ങളിൽ പോറലേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

നാലു പേർ തന്റെ കുടുംബത്തെ ആക്രമിക്കാൻ വന്നുവെന്നും അവരോട് താൻ തിരിച്ചു പൊരുതിയെന്നുമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കാൻസലോ വെളിപ്പെടുത്തിയത്. അക്രമികളെ ഭീരുക്കളെന്നു വെളിപ്പെടുത്തിയ കാൻസലോ തങ്ങളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങൾ അവർ കവർന്നുവെന്നും അറിയിച്ചു.

"നിർഭാഗ്യവശാൽ നാല് ഭീരുക്കൾ എന്നെ ആക്രമിക്കുകയും എന്നെയും എന്റെ കുടുംബത്തെയും മുറിവേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണ് നിങ്ങൾ കാണുന്നത്. എന്റെ എല്ലാ ആഭരണങ്ങളും കവർന്ന അവർ മുഖത്തെ ഇങ്ങിനെയാക്കിയാണ് സ്ഥലം വിട്ടത്." ഇൻസ്റ്റാഗ്രാമിൽ തന്റെ മുറിവേറ്റ മുഖത്തിന്റെ ചിത്രത്തിനൊപ്പം കാൻസലോ കുറിച്ചു.

"ഇത്രയും മോശമായ പെരുമാറ്റമുള്ള ആളുകൾ എങ്ങിനെയാണ് ഉണ്ടാകുന്നതെന്നാണ് എനിക്ക് മനസിലാവാത്തത്. ഏറ്റവും പ്രധാനപ്പെട്ടത് എന്റെ കുടുംബമാണ്, ഭാഗ്യവശാൽ അവർക്ക് കുഴപ്പങ്ങളൊന്നുമില്ല." താരം അറിയിച്ചു.

താരത്തിനെതിരെ നടന്ന അക്രമത്തിൽ മാഞ്ചസ്റ്റർ സിറ്റി ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി. ക്ലബിന്റെ പിന്തുണ ഇരുപത്തിയേഴു വയസുള്ള താരത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകുമെന്നു വ്യക്തമാക്കിയ സിറ്റി പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും അറിയിച്ചു.

ഫുട്ബോൾ താരങ്ങൾക്കു നേരെയുള്ള ആക്രമണം അടുത്ത കാലത്തായി വർധിച്ചു വരുന്നുണ്ട്. ബെൻഫിക്ക താരം ഒട്ടമെൻഡി, പിഎസ്‌ജി താരം ഖൈറാ എന്നിവർക്കു നേരെ അടുത്തിടെ ആക്രമണം നടന്നപ്പോൾ പിഎസ്‌വി സ്‌ട്രൈക്കർ ഏറാൻ സഹാവി മത്സരം കളിച്ചു കൊണ്ടിരിക്കെ താരത്തിന്റെ കുടുംബത്തെ കെട്ടിയിട്ട് മോഷണം നടത്തിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit