കളിക്കളത്തിനു പുറത്തെ കണക്കുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

Arsenal v Manchester City - Premier League
Arsenal v Manchester City - Premier League / Julian Finney/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വ്യത്യാസം ഒരിക്കൽക്കൂടി തെളിയിച്ച സീസണാണ് ഇത്തവണത്തേത്. ലീഗിൽ ഇരുപത്തിയൊന്നു മത്സരങ്ങൾ പൂർത്തിയാക്കി അമ്പത്തിമൂന്നു പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പത്തൊൻപതു മത്സരങ്ങളിൽ നിന്നും നേടിയത് മുപ്പത്തിയൊന്നു പോയിന്റ് മാത്രമാണ്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പന്ത്രണ്ടു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തവണയും അവരെ മറികടക്കാൻ കഴിയില്ലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പെപ് ഗ്വാർഡിയോള പരിശീലകനായി എത്തിയതിനു ശേഷം പ്രീമിയർ ലീഗിൽ കൃത്യമായ ആധിപത്യം പുലർത്തുന്ന മാഞ്ചസ്റ്റർ സിറ്റി കുറെ വര്ഷങ്ങളായി തങ്ങളുടെ നഗരവൈരികളേക്കാൾ മുന്നിലാണ്.

കളിക്കളത്തിൽ പുലർത്തുന്ന ആധിപത്യത്തിനു പുറമെ അതിനു പുറത്തുള്ള കണക്കുകളിലും മാഞ്ചസ്റ്റർ സിറ്റി ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ മുന്നിലെത്തിയെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കെപിഎംജിയുടെ റിപ്പോർട്ടുകൾ പ്രകാരം 2020/21 സീസണിൽ മാഞ്ചസ്റ്റർ സിറ്റി നേടിയ വരുമാനം 538 മില്യൺ പൗണ്ടാണ്. 2019/20 സീസണെ അപേക്ഷിച്ച് ഇതു 17 ശതമാനം കൂടുതലാണ്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ നേടിയത് 465 മില്യൺ പൗണ്ട് മാത്രമാണ്.

തങ്ങളുടെ പ്രധാന എതിരാളികളിൽ ഒരാളായ മാഞ്ചസ്റ്റർ സിറ്റിയോട് കളിക്കളത്തിലും പുറത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടങ്ങുന്നുവെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. സർ അലക്‌സ് ഫെർഗുസൺ ക്ലബ് വിട്ടതിനു ശേഷം പിന്നീട് പ്രീമിയർ ലീഗിൽ ആധിപത്യം പുലർത്താൻ കഴിയാതെ യുണൈറ്റഡ് പതറുമ്പോൾ പണം കൊണ്ടും മികച്ച താരങ്ങളെക്കൊണ്ടും മനോഹരമായ ഫുട്ബോൾ കൊണ്ടും സിറ്റി മുന്നോട്ടു കുതിക്കുക തന്നെയാണ്.

ഷെയ്ഖ് മൻസൂർ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് പതിനാലു വർഷം പിന്നിട്ടപ്പോഴാണ് കളിക്കളത്തിനു പുറത്തുള്ള കണക്കുകളിലും അവർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നത്. ചാമ്പ്യൻസ് ലീഗ് കിരീടമെന്ന അവരുടെ ലക്‌ഷ്യം കൂടി പൂർത്തിയാക്കാൻ കഴിഞ്ഞാൽ പിന്നെ വരുന്ന നിരവധി വർഷങ്ങൾ കൂടി ഈ മേധാവിത്വം നിലനിർത്താൻ സിറ്റിക്ക് കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.