ട്രന്‍ഡിനൊപ്പം സിറ്റി; മിന്നല്‍ മുരളിയായി മെഹ്‌റസ്

മലയാളികളുടെ സ്വന്തം മിന്നല്‍ മുരളിയെ ഏറ്റെടുത്ത് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി. സിറ്റിയുടെ അള്‍ജീരിയന്‍ താരം റിയാദ് മെഹ്‌റസിനെ മിന്നല്‍ മുരളിയായി അവതരിപ്പിച്ചാണ് സിറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
'' നമ്മുടെ സ്വന്തം സൂപ്പര്‍ ഹീറോ, മെഹ്‌റസ് മുരളി'' എന്ന ക്യാപ്ഷനോടെയാണ് മെഹ്‌റസിന്റെ ഫോട്ടോ സിറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
സിറ്റിയുടെ പോസ്റ്റിന് താഴെ മിന്നല്‍ മുരളി സിനിമയുടെ സംവിധാകനായ ബേസില്‍ ജോസഫും കമന്റുമായെത്തി. തൊട്ടുപിന്നാലെ സിനിമയില്‍ മിന്നല്‍ മുരളിയായി അഭിനയിച്ച ടോവിനോ തോമസും കമന്റ് പോസ്റ്റ് ചെയ്തു. യഥാർത്ഥ മിന്നല്‍ മുരളി ഇതെല്ലാം കാണുന്നുണ്ടെന്നായിരുന്നു ടോവിനോ തോമസ് കമന്റ് ചെയ്തത്. ഇതോടെ കമന്റ് ബോക്‌സില്‍ മലയാളികളുടെ വിളയാട്ടമായി.
പോസ്റ്റിന് താഴെ ഇപ്പോഴും മലയാളികളുടെ കമന്റ് നിറയുകയാണ്. പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെ പെനാല്‍റ്റിയിലൂടെ റിയാദ് മെഹ്‌റസ് ഗോള്‍ നേടുന്ന ഫോട്ടോയായിരുന്നു സിറ്റി ക്യാപ്‌ഷനൊപ്പം പോസ്റ്റ് ചെയ്തത്. ഈ ഗോളായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്.
ഒരു ഗോളിന് പിറകിലായിരുന്ന സിറ്റി മെഹ്‌റസിന്റെ ഗോളിലൂടെ സമനില നേടുകയും, 93ാം മിനുട്ടില്‍ റോഡ്രിയുടെ ഗോളിലൂടെ വിജയം സ്വന്തമാക്കുകയും ചെയ്തു. സീസണിലുടനീളം സിറ്റിക്ക് വേണ്ടി മികച്ച കളി പുറത്തെടുത്ത താരമാണ് മെഹ്‌റസ്. 2021-22 സീസണില്‍ 25 മത്സരമാണ് സിറ്റിക്ക് വേണ്ടി മെഹ്‌റസ് കളിച്ചിട്ടുള്ളത്. അതില്‍ നിന്ന് 13 ഗോളുകള്‍ നേടാനും സിറ്റിയുടെ മിന്നല്‍ മുരൡക്ക് കഴിഞ്ഞിട്ടുണ്ട്. 21 മത്സരത്തില്‍ നിന്ന് 53 പോയിന്റുള്ള സിറ്റി ഇപ്പോള്‍ പ്രീമിയര്‍ ബഹുദൂരം മുന്നിലാണ്.