ഹാലൻഡിൽ നിർത്താതെ പെപ് ഗ്വാർഡിയോള, അടുത്ത ലക്‌ഷ്യം അത്ലറ്റികോ മാഡ്രിഡ് താരം ജോവോ ഫെലിക്‌സ്

Man City Want Joao Felix
Man City Want Joao Felix / Quality Sport Images/GettyImages
facebooktwitterreddit

ഒരു ലോകോത്തര സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഇല്ലാതിരുന്നതിന്റെ അഭാവം സമ്മർ ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചപ്പോൾ തന്നെ പരിഹരിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും എർലിങ് ബ്രൂട്ട് ഹാലൻഡിനെ സ്വന്തമാക്കിയത്. എന്നാൽ ആക്രമണനിരയെ ശക്തിപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കങ്ങൾ അതിലുമവസാനിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ബ്രസീലിയൻ മാധ്യമമായ യുഎഎൽ എസ്പോർട്ടിന്റെ ജേർണലിസ്റ്റായ ബ്രൂണോ ആൻഡ്രഡയുടെ റിപ്പോർട്ടുകൾ പ്രകാരം അത്ലറ്റികോ മാഡ്രിഡിന്റെ പോർച്ചുഗീസ് മുന്നേറ്റനിര താരമായ ജോവോ ഫെലിക്‌സിനെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നത്. ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിങ്, ബെർണാഡോ സിൽവ എന്നിവരെ നഷ്‌ടമാകാൻ സാധ്യതയുള്ളതിനാലാണ് പുതിയൊരു മുന്നേറ്റനിര താരത്തെ സിറ്റി നോട്ടമിടുന്നത്.

ഇതാദ്യമായല്ല ജോവോ ഫെലിക്‌സ് മാഞ്ചസ്റ്റർ സിറ്റിയുടെ റഡാറിൽ വരുന്നത്. മുൻപ് എഴുപതു മില്യൺ യൂറോ വരെ താരത്തിനായി സിറ്റി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും അത്ലറ്റികോ മാഡ്രിഡ് ഫെലിക്‌സിനെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ ഫെലിക്‌സിനേയും ഹാലൻഡിനെയും ഒരുമിച്ച് കളിപ്പിക്കാനുള്ള പദ്ധതികളാണ് മാഞ്ചസ്റ്റർ സിറ്റി മുന്നോട്ടു കൊണ്ടു പോകുന്നത്.

അതേസമയം അത്ലറ്റികോ മാഡ്രിഡ് റെക്കോർഡ് ട്രാൻസ്‌ഫറിൽ ബെൻഫിക്കയിൽ നിന്നും സ്വന്തമാക്കിയ താരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് വാങ്ങണമെങ്കിൽ നിലവിൽ ടീമിലുള്ള താരങ്ങളെ ഒഴിവാക്കേണ്ടി വരും. ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിംഗ് എന്നിവരാണ് നിലവിൽ ടീം വിടാൻ സാധ്യതയുള്ളത്. ഇതിനു പുറമെ ബാഴ്‌സ നോട്ടമിട്ടിട്ടുള്ള ബെർണാർഡോ സിൽവയും ക്ലബ് വിട്ടേക്കാം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.