Football in Malayalam

സ്റ്റെർലിംഗും മഹ്റെസുമുൾപ്പെടെ നാലു താരങ്ങളെ സിറ്റി ഒഴിവാക്കാനൊരുങ്ങുന്നു, രണ്ടു പേരെ ലക്ഷ്യമിട്ട് ആഴ്‌സണൽ

Sreejith N
Manchester City v Everton - Premier League
Manchester City v Everton - Premier League / Michael Regan/Getty Images
facebooktwitterreddit

ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം പിടിക്കുകയും ചെയ്‌ത മാഞ്ചസ്റ്റർ സിറ്റി വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നാലു പ്രധാന താരങ്ങളെ ഒഴിവാക്കാൻ സാധ്യത. വിങ്ങർമാരായ റഹീം സ്റ്റെർലിങ്, റിയാദ് മഹ്റെസ് എന്നിവരാണ് ഒഴിവാക്കുന്നവരുടെ പട്ടികയിലുള്ള ഏറ്റവും പ്രധാനപ്പെട്ട താരങ്ങൾ. ഈ രണ്ടു താരങ്ങളിൽ ആഴ്‌സണലിനു താൽപര്യമുണ്ടെന്നും ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ന് നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഫലം എന്തു തന്നെയായാലും അടുത്ത സീസണു മുൻപായി സിറ്റിയിൽ ഒരു അഴിച്ചുപണി നടക്കുമെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ മോശം പ്രകടനം കാഴ്‌ച വെച്ച സ്റ്റെർലിംഗിനെ ഒഴിവാക്കുന്നത് മനസിലാക്കാൻ കഴിയുമെങ്കിലും തകർപ്പൻ ഫോമിൽ കളിക്കുന്ന മഹ്റെസിന്റെ കാര്യത്തിലുള്ള ക്ലബിന്റെ നിലപാട് അല്പം ആശ്ചര്യപ്പെടുത്തുന്നതാണ്.

ഈ രണ്ടു താരങ്ങൾക്കു പുറമെ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ്, പ്രതിരോധതാരം അയ്മെറിക് ലപോർട്ട എന്നിവരെയാണ് സിറ്റി വിൽക്കാൻ പരിഗണിക്കുന്നത്. അഗ്യൂറോ ടീം വിടുന്നതിനൊപ്പം ജീസസിനെ കൂടി ഒഴിവാക്കുന്നത് അടുത്ത സീസണിൽ ഒരു മികച്ച സ്‌ട്രൈക്കർ ടീമിലെത്താനുള്ള സാധ്യത ശക്തമാക്കുന്നു. അതേസമയം റൂബൻ ഡയസ്, സ്റ്റോൺസ് എന്നിവരടങ്ങിയ പ്രതിരോധം മികച്ച പ്രകടനം നടത്താനാരംഭിച്ചതോടെ അവസരങ്ങൾ കുറഞ്ഞ ലപോർട്ട സിറ്റി വിടാൻ താല്പര്യപ്പെടുന്നുണ്ട്.

സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ സഹപരിശീലകനായിരുന്ന അർടെട്ട നയിക്കുന്ന ആഴ്‌സണലിന് സ്റ്റെർലിങ്ങിലും മഹ്റെസിലും താൽപര്യമുണ്ടെങ്കിലും ഗണ്ണേഴ്‌സിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോൾ സ്വന്തമാക്കുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. അതേസമയം നിലവിൽ ടീമിലുള്ള ചില പ്രധാന താരങ്ങളെ വിൽക്കാൻ പദ്ധതിയിടുന്ന സിറ്റി, ജാക്ക് ഗ്രീലിഷ്, എർലിങ് ഹാലാൻഡ്, ഹാരി കെയിൻ മുതലായ വമ്പൻ പേരുകളെ ടീമിലെത്തിക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്നു വ്യക്തമാണ്.


facebooktwitterreddit