വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി; നിലവിലെ ജേതാക്കളുടെ പ്രീമിയർ ലീഗ് കിരീടസാധ്യതകൾ ഇങ്ങനെ...

പ്രീമിയർ ലീഗ് 2021/22 സീസണിലെ മാച്ച്ഡേ 37ൽ വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങി രണ്ട് പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റി നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന സിറ്റി, രണ്ടാം പകുതിയിൽ തിരിച്ചുവന്നാണ് സമനില കരസ്ഥമാക്കിയത്. സ്കോർലൈൻ 2-2ൽ നിൽക്കെ ഗബ്രിയേൽ ജീസസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് അവസരം ഉണ്ടായിരുന്നെങ്കിലും, കിക്കെടുത്ത റിയാദ് മഹ്റസിന്റെ ശ്രമം ലുക്കാസ് ഫാബിയാൻസ്കി സേവ് ചെയ്യുകയായിരുന്നു.
സമനിലയോടെ, 37 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 90 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം. ഒരു മത്സരം കുറവ് കളിച്ച ലിവർപൂളിന് 86 പോയിന്റുകളാണുള്ളത്. ഈ രണ്ട് ടീമുകൾക്ക് മാത്രമാണ് നിലവിൽ പ്രീമിയർ ലീഗ് കിരീടസാധ്യതയുള്ളത്. ലിവർപൂളിന് സൗത്താംപ്ടണിനും വോൾവ്സിനും എതിരെയുള്ള മത്സരങ്ങളും, മാഞ്ചസ്റ്റർ സിറ്റിയുടെ ആസ്റ്റൺ വില്ലക്കെതിരെയുള്ള മത്സരവുമാണ് അവശേഷിക്കുന്നത്.
വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങിയെങ്കിലും, കിരീടപ്പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്നതും മുൻതൂക്കമുള്ളത് സിറ്റിക്ക് തന്നെയാണ്. സിറ്റിയുടെ കിരീടസാധ്യതകളാണ് നാം ഇവിടെ പരിശോധിക്കുന്നത്.
ആസ്റ്റൺ വില്ലക്കെതിരെ വിജയിച്ചാൽ
വില്ലക്കെതിരെ വിജയം കരസ്ഥമാക്കിയാൽ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടാൻ മാഞ്ചസ്റ്റർ സിറ്റിക്കാകും. മത്സരത്തിൽ മൂന്ന് പോയിന്റുകളും നേടിയാൽ സിറ്റിക്ക് 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റാകും. 2 മത്സരങ്ങൾ മാത്രം അവശേഷിക്കുന്ന ലിവർപൂളിന് സിറ്റിയുടെ പോയിന്റ് ടാലിക്ക് ഒപ്പമെത്താനോ അത് മറികടക്കാനോ കഴിയില്ല.
ആസ്റ്റൺ വില്ലക്കെതിരെ സമനില
വില്ലക്കെതിരെ സമനിലയാണ് വഴങ്ങുന്നതെങ്കിൽ സിറ്റിക്ക് 38 മത്സരങ്ങളിൽ നിന്ന് 91 പോയിന്റ് ഉണ്ടാകും. നിലവിൽ രണ്ട് മത്സരങ്ങൾ അവശേഷിക്കുന്ന ലിവർപൂളിന് അതിൽ രണ്ടിലും വിജയിച്ചാൽ സിറ്റിയുടെ പോയിന്റ് ടാലി മറികടക്കാൻ കഴിയും. അതിനാൽ, അടുത്ത രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും ലിവർപൂൾ സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്താൽ സിറ്റിക്ക് കിരീടം സ്വന്തമാക്കാം.
ആസ്റ്റൺ വില്ലക്കെതിരെ തോൽവി
വില്ലക്കെതിരെ പരാജയപ്പെട്ടാൽ സിറ്റിയുടെ പോയിന്റ് ടാലി 90 ആയി തുടരും. അങ്ങനെ വരുന്ന സാഹചര്യത്തിൽ ലിവർപൂൾ ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ സിറ്റിക്ക് കിരീടം സ്വന്തമാക്കാം.
ലിവർപൂൾ ഒരു മത്സരത്തിൽ വിജയിക്കുകയും, ഒരു മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്താൽ, ഇരു ടീമുകളുടെയും പോയിന്റ് നില തുല്യമാകും. അങ്ങനെ വന്നാൽ ഗോൾ ഡിഫറൻസ് ആണ് ആദ്യം നോക്കുക. നിലവിൽ സിറ്റിയുടെ ഗോൾ ഡിഫറൻസ് 72ഉം, ലിവർപൂളിന്റെ 65ഉംമാണ്. നിലവിൽ സിറ്റിയുടെ ഗോൾ ഡിഫറൻസും ലിവർപൂളിന്റെ ഗോൾ ഡിഫറൻസും തമ്മിൽ ഏഴു ഗോളുകളുടെ വ്യത്യാസമുണ്ട്. ആ ഗ്യാപ് മറികടക്കാൻ ലിവർപൂളിന് ആയില്ലെങ്കിൽ സിറ്റിക്ക് കിരീടം സ്വന്തമാക്കാം.