മാഞ്ചസ്റ്റർ സിറ്റി ഉടമകൾ ഇറ്റാലിയൻ ക്ലബ്ബിനെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു


മാഞ്ചസ്റ്റർ സിറ്റി ഉടമകൾ ഇറ്റാലിയൻ ക്ലബായ പലെർമോയെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നുവെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് പന്ത്രണ്ടു മുതൽ പതിമൂന്നു മില്യൺ യൂറോ നൽകിയാണ് സീരി ബിയിൽ കളിക്കുന്ന ക്ലബായ പലർമോയെ സ്വന്തമാക്കിയത്. ഇതോടെ സിറ്റി ഫുട്ബോൾ ഗ്രൂപ്പിനു കീഴിലെ പതിനൊന്നാമത്തെ ഫുട്ബോൾ ക്ലബായി പലർമോ മാറും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പലർമോ 2019ൽ പാപ്പരായി നാലാം ഡിവിഷൻ ക്ലബായി മാറിയിരുന്നു. അതിനു ശേഷം പടിപടിയായി ഉയർന്നു വന്നാണ് അവർ നിലവിൽ സീരി ബിയിൽ എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി ഏറ്റെടുക്കുന്നതോടെ കൂടുതൽ ഉയർന്നു വരാനുള്ള സാധ്യത പലർമോക്കു മുന്നിലുണ്ട്.
City Football Group are close to a takeover of Palermo F.C.
— Sporting Index (@sportingindex) June 25, 2022
It would become the 11th club in the CFG after Manchester City, NYC FC, Melbourne City, Yokohama F Marinos, Girona, Montevideo City, Sichuan Jiuniu FC, Mumbai City FC, Lommel SK and Troyes.
Building. #siamoAquile pic.twitter.com/Yutrfp57xP
കഴിഞ്ഞ സീസണിന്റെ അവസാനം മുതൽ തന്നെ പലർമോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് നടത്തിയിരുന്നു. കഴിഞ്ഞ സീസണിൽ സീരി സിയിൽ കളിച്ചിട്ടു കൂടി മുപ്പതിനായിരത്തിലധികം കാണികൾ മെയ്, ജൂൺ മാസങ്ങളിൽ നടന്ന അവരുടെ ഏൻഡ് ഓഫ് സീസൺ പ്ലേ ഓഫ് മത്സരങ്ങൾ കാണാനെത്തിയത് ക്ലബിനുള്ള പിന്തുണ വ്യക്തമാക്കുന്നു.
മൂന്ന് കോപ്പ ഇറ്റാലിയ ഫൈനലുകളിൽ കളിച്ച ചരിത്രമുള്ള പലർമോയിലൂടെ സമകാലിക ഫുട്ബോളിലെ നിരവധി പ്രധാന താരങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അർജന്റീന താരങ്ങളായ പൗളോ ഡിബാല. ഹാവിയർ പാസ്റ്റൊറെ യുറുഗ്വായ് താരം എഡിസൺ കവാനി എന്നിവരെല്ലാം പലർമോയിലൂടെ ഉയർന്നു വന്നവരാണ്.
സിറ്റി ഗ്രൂപ്പ് സ്വന്തമാക്കുന്നതിലൂടെ അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താനുള്ള അവസരമാണ് പലർമൊക്ക് കൈവന്നിരിക്കുന്നത്. കൂടുതൽ നിക്ഷേപം വരുന്നതോടെ സീരി എയിലേക്ക് തിരിച്ചെത്തി ഇറ്റലിയിലെ മുൻനിര ക്ലബുകളിൽ ഒന്നായി മാറാൻ അവർക്ക് കഴിയുമെന്നും ആരാധകർ കരുതുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.