ഡി ജോംഗ്-ലപോർട്ടെ കൈമാറ്റക്കരാറിന് മാഞ്ചസ്റ്റർ സിറ്റിക്കും ഗ്വാർഡിയോളക്കും താൽപര്യം
By Sreejith N

നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ വരുന്ന ട്രാൻസ്‌ഫർ ജാലകങ്ങളിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച് തങ്ങളുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി അവരെ വളരെയധികം ബാധിച്ചതു കൊണ്ടു തന്നെ നിലവിലുള്ള പല താരങ്ങളെയും ഒഴിവാക്കിയാൽ മാത്രമേ അവർക്ക് പുതിയ താരങ്ങളെ ടീമിലെത്തിച്ച് രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ.
ഫെറൻ ടോറസിനെ ബാഴ്‌സലോണ സ്വന്തമാക്കിയെങ്കിലും താരത്തിന്റെ രജിസ്‌ട്രേഷൻ ഇതുവരെയും പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിനിടയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരമായ അയ്മെറിക് ലപോർട്ടെയിലും ബാഴ്‌സക്കു കണ്ണുണ്ട്. എന്നാൽ സ്‌പാനിഷ് പ്രതിരോധതാരത്തെ നേടാൻ ബാഴ്‌സലോണ തങ്ങളുടെ ഏറ്റവും മികച്ച താരത്തെ തന്നെ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Manchester City 'open to swapping Aymeric Laporte for Frenkie de Jong' with Barcelona eyeing a second raid on Pep Guardiola's side https://t.co/aDkenp0i14
— MailOnline Sport (@MailSport) January 4, 2022
സ്‌പാനിഷ് മാധ്യമമായ എൽ നാഷണലിനെ അടിസ്ഥാനമാക്കി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം അയ്മെറിക് ലപോർട്ടയെ വിട്ടു നൽകാൻ സിറ്റി തയ്യാറാകണമെങ്കിൽ ഡച്ച് മധ്യനിര താരമായ ഫ്രാങ്കീ ഡി ജോങിനെ ബാഴ്‌സലോണ പകരം നൽകേണ്ടി വരും. നെതർലാൻഡ്‌സ് താരത്തിൽ മാഞ്ചസ്റ്റർ സിറ്റി നേതൃത്വത്തിനും ബാഴ്‌സലോണക്കും വളരെയധികം താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ സീസണിൽ ടീമിൽ അവസരങ്ങൾ കുറഞ്ഞെങ്കിലും ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലപോർട്ടെയെ വിട്ടു കൊടുക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യക്കുറവില്ല. എന്നാൽ അതിനു പകരം ഗ്വാർഡിയോള വളരെയധികം ഇഷ്‌ടപ്പെടുന്ന, ബാഴ്‌സലോണ മധ്യനിരയിലെ പ്രധാനിയായ താരത്തെ തന്നെ കാറ്റലൻ ക്ലബ് കൈവിടേണ്ടി വരും.
അതേസമയം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഡി ജോങിന് താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്ലബിലെ ഏറ്റവും മൂല്യമേറിയ താരമായ തന്നെ സംബന്ധിച്ചുള്ള ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും നിരവധി വർഷങ്ങൾ ഇനിയും കരാർ ബാക്കിയുള്ള താരം ബാഴ്‌സയിൽ തുടർന്ന് തന്റെ മികച്ച പ്രകടനം നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.