Football in Malayalam

ലയണൽ മെസ്സിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് താല്പര്യമില്ല

Ali Shibil Roshan
Lionel Messi news: Manchester City not interested in signing the Argentine star.
Lionel Messi news: Manchester City not interested in signing the Argentine star. / David Ramos/Getty Images
facebooktwitterreddit

സാമ്പത്തികപരവും, ഘടനാപരവുമായ തടസങ്ങൾ മൂലം ലയണൽ മെസ്സി എഫ്‌സി ബാഴ്‌സലോണയുമായി പുതിയ കരാറിൽ ഒപ്പ് വെക്കുകയില്ലെന്ന് കാറ്റലൻ ക്ലബ് തന്നെ ഇന്നലെ വൈകീട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ, താരം അടുത്ത സീസണിൽ ഏത് ക്ലബിലാണ് കളിക്കുക എന്നത് ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ചർച്ചാവിഷയമാണ്.

ജൂൺ 30ന് ബാഴ്‌സലോണയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായ മെസ്സി, പുതിയ കരാറിലൊപ്പിട്ട്, അവിടെ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മെസ്സിയെ ബാഴ്‌സ താരമായി വീണ്ടും ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിക്കും എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് കൊണ്ട്, ഏറെ അപ്രതീക്ഷിതമായാണ് താരം ക്ലബിൽ തുടരില്ലെന്ന പ്രഖ്യാപനം കാറ്റലൻ വമ്പന്മാർ നടത്തിയത്. ഇതോടെ താരം ഇപ്പോൾ ഫ്രീ ഏജന്റ് ആയി തുടരുകയാണ്.

ബാഴ്‌സലോണ വിട്ട മെസ്സിയെ സ്വന്തമാക്കാനും, താരത്തിന്റെ ശമ്പളം താങ്ങാനും ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ വളരെ കുറച്ച് ക്ലബുകൾക്കേ കഴിയൂ. അത്തരത്തിൽ താരത്തെ സൈൻ ചെയ്യാൻ സാധ്യത കല്പിക്കപ്പെടുന്ന ഒരു ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ, മെസ്സിയെ ടീമിലെത്തിക്കാൻ നിലവിലെ പ്രീമിയർ ലീഗ് ജേതാക്കൾക്ക് താല്പര്യമില്ലെന്നാണ് ഇംഗ്ലീഷ് പത്രമായ ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സിറ്റിയുടെ ഭാവി പദ്ധതികളിൽ മെസ്സിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേ സമയം, മെസ്സിയെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് പാരീസ് സെന്റ്-ജർമനാണ്. നേരത്തെ മെസ്സിയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന പിഎസ്ജിക്ക്, താരത്തെ സ്വന്തം കൂടാരത്തിലെത്തിക്കാനുള്ള അവസരമാണ് നിലവിലെ സംഭവവികാസങ്ങളോടെ ലഭിക്കുന്നത്.

പിഎസ്‌ജിയുമായി മെസ്സി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും, വ്യാഴാഴ്ച വൈകീട്ട് താരം ഫ്രഞ്ച് ക്ലബിന്റെ പരിശീലകനായ മൗറിസിയോ പോച്ചട്ടീനോയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദി അത്‌ലറ്റിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരു കൂട്ടരും തമ്മിൽ കൂടുതൽ ചർച്ചകൾക്ക് ഇത് വഴിവെച്ചെന്നും, പിഎസ്ജി പ്രെസിഡന്റായ നാസർ അൽ-ഖലൈഫി ആണ് ഇപ്പോൾ ചർച്ചകൾ നയിക്കുന്നതെന്നും അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit