ബാഴ്‌സലോണയുടെ യുവവിസ്‌മയമായ ഗാവിയെ പെപ് ഗ്വാർഡിയോളക്ക് വേണം

Sevilla v FC Barcelona - La Liga Santander
Sevilla v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ഈ സീസണിൽ ബാഴ്‌സലോണക്കു വേണ്ടി നടത്തിയ പ്രകടനം പതിനേഴു വയസു മാത്രം പ്രായമുള്ള ഗാവിയെ യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരുന്നു. ബാഴ്‌സക്കു വേണ്ടി ഏതാനും മത്സരങ്ങൾ കളിച്ചപ്പോൾ തന്നെ സ്പെയിൻ ടീമിലേക്കുള്ള വിളി വന്നുവെന്നത് താരത്തിന്റെ പ്രതിഭ അടയാളപ്പെടുത്തുന്നതാണ്. സാവിയുടെ കീഴിൽ ബാഴ്‌സലോണ മികച്ചൊരു ടീമാക്കി കെട്ടിപ്പടുക്കുമ്പോൾ അതിൽ നിർണായക സാന്നിധ്യം ആവാൻ ഗാവിക്ക് കഴിയുമെന്ന് ആരാധകർക്കു പ്രതീക്ഷയുമുണ്ട്.

എന്നാൽ ഗാവിയെ നിലനിർത്താൻ സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി നിൽക്കുന്ന ബാഴ്‌സലോണ വളരെ ബുദ്ധിമുട്ടുമെന്നാണ് നിലവിൽ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എൽ നാഷണലിനെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ടു ചെയ്യുന്നതു പ്രകാരം നിലവിൽ താരത്തിനായി രംഗത്തു വന്നിരിക്കുന്നത് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ്. ഗാവിയുടെ റിലീസിംഗ് ക്ളോസായ അമ്പതു മില്യൺ നൽകി താരത്തെ സ്വന്തമാക്കാനാണ് സിറ്റി ആലോചിക്കുന്നത്.

ബാഴ്‌സലോണക്ക് നിലവിൽ ട്രാൻസ്‌ഫറുകളിൽ നിന്നും വരുന്ന തുക ആവശ്യമാണെന്നതിൽ തർക്കമില്ല. അതിന്റെ ഭാഗമായി നിരവധി താരങ്ങളെ ക്ലബ് വിൽക്കാനുള്ള ശ്രമം നടത്തിയെങ്കിലും നിലവിൽ കുട്ടീന്യോയുടെ ലോൺ കരാർ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാഴ്‌സലോണയുടെ ഈ അവസ്ഥ മനസിലാക്കിക്കൊണ്ടു തന്നെ കൃത്യമായൊരു അവസരം വരുമ്പോൾ ഗാവിക്കു വേണ്ടിയുള്ള ഓഫറുമായി വരാമെന്നാണ് ഗ്വാർഡിയോളയും സംഘവും കരുതുന്നത്.

അതേസമയം പതിനൊന്നാം വയസിൽ തങ്ങളുടെ അക്കാദമിയിൽ എത്തിയ താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുന്നുണ്ട്. താരം പുതിയ കരാറൊപ്പിട്ടാൽ റിലീസ് ക്ളോസും വർധിപ്പിക്കാൻ കഴിയുമെന്നതിനാൽ മറ്റു ക്ലബുകളുടെ ഭീഷണി അങ്ങിനെ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ബാഴ്‌സ കരുതുന്നത്. എന്നാൽ താരത്തിന് വലിയ തുക പ്രതിഫലമായി നൽകാനുള്ള സാഹചര്യം നിലവിൽ ഇല്ലാത്തതിനാൽ അതു ലഭിക്കുന്ന ഇടം താരം തിരഞ്ഞെടുത്താൽ ക്ലബ്ബിനത് തിരിച്ചടി ആയിരിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.