പ്രീമിയർ ലീഗ് കിരീടമാർക്കെന്നു നിശ്ചയിക്കാൻ മാഞ്ചസ്റ്റർ സിറ്റി-ലിവർപൂൾ പ്ലേ ഓഫ് വേണ്ടി വരുമോ? സാധ്യതകളിങ്ങനെ
By Sreejith N

ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെക്കാൾ മൂന്നു പോയിന്റ് മുന്നിലാണെങ്കിലും രണ്ടു മത്സരങ്ങൾ ശേഷിക്കെ ഒന്നു കാലിടറിയാൽ അതിൽ മാറ്റങ്ങൾ വരാനുള്ള വലിയ സാധ്യത നിലനിൽക്കുന്നു. അതിനാൽ രണ്ടു ടീമുകൾക്കും ഓരോ മത്സരവും ഫൈനൽ പോലെയാണ്.
മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പം മുന്നേറുമ്പോൾ ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം ആരു നേടുമെന്നു തീരുമാനിക്കാൻ രണ്ടു ടീമുകളും തമ്മിലുള്ള പ്ലേ ഓഫ് വേണ്ടി വരുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. അതിനുള്ള സാധ്യതകൾ വളരെ കുറവാണെങ്കിലും ഈ സീസണിൽ അത് സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.
It's unlikely...but not impossible@TheoSquiresECHO explains ? https://t.co/zN0GB75HjR
— Liverpool FC News (@LivEchoLFC) May 10, 2022
പ്രീമിയർ ലീഗിൽ രണ്ടു ടീമുകൾ പോയിന്റ് നിലയിൽ ഒപ്പമെത്തിയാൽ ഗോൾ വ്യത്യാസമാണ് വിജയികളെ തീരുമാനിക്കുക. ഗോൾ വ്യത്യാസവും ഒരുപോലെയാണെങ്കിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമായിരിക്കും വിജയി. അതിലും ടീമുകൾ തുല്യത പാലിച്ചാൽ രണ്ടു ടീമുകളും തമ്മിൽ നടന്ന മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ ടീമാണ് കിരീടം നേടുക.
എന്നിട്ടും വിജയിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഹെഡ് ടു ഹെഡ് മത്സരങ്ങളിൽ എവേ ടീമായി ഏറ്റവുമധികം ഗോളുകൾ നേടിയ ക്ലബാണ് കിരീടം നേടുക. അതിലും വിജയി ആരാണെന്ന് തീരുമാനം ആയില്ലെങ്കിലാണ് പ്രീമിയർ ലീഗ് ബോർഡ് തീരുമാനിക്കുന്ന തീയ്യതിയിൽ ഒരു ന്യൂട്രൽ ഗ്രൗണ്ടിൽ വെച്ച് പ്ലേ ഓഫ് മത്സരം നടക്കുക.
ഗോൾ വ്യത്യാസത്തിലും നേടിയ ഗോളുകളുടെ എണ്ണത്തിലും വലിയ വ്യത്യാസം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലില്ല. സീസണിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ നടന്ന രണ്ടു മത്സരങ്ങളും 2-2 എന്ന സ്‌കോറിൽ സമനിലയിൽ അവസാനിച്ചതിനാൽ രണ്ടു ടീമുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ ഏറ്റവുമധികം പോയിന്റ് നേടിയ ടീമെന്ന നിലയിലും എവേ ടീമായി കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന നിലയിലും വിജയിയെ കണ്ടെത്താൻ കഴിയില്ല.
അടുത്ത രണ്ടു മത്സരങ്ങളിലെ ഫലങ്ങളാണ് പ്ലേ ഓഫ് മത്സരം നടക്കുമോയെന്നു നിശ്ചയിക്കുക. വെസ്റ്റ് ഹാമും സിറ്റിയും തമ്മിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന സ്കോറിന് തോൽക്കുകയും ലിവർപൂൾ സൗത്താംപ്റ്റനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്‌താൽ പ്ലേ ഓഫിനുള്ള സാധ്യതകൾ വർധിക്കും.
അതിനു ശേഷമുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്റ്റീവൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലക്കെതിരെ 2-1 എന്ന സ്കോറിനും ലിവർപൂൾ വോൾവ്‌സിനെതിരെ 2-0 എന്ന സ്കോറിനും വിജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗിൽ പ്ലേ ഓഫിലൂടെ വിജയിയെ കണ്ടെത്തും. എന്നാൽ ഇത്രയും കാര്യങ്ങൾ ഒരുമിച്ച് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.
പ്ലേ ഓഫ് മത്സരം നടക്കുകയാണെങ്കിൽ അതിന്റെ വേദി തീരുമാനിക്കുക പ്രീമിയർ ലീഗ് ബോർഡ് ആയിരിക്കും. ചിലപ്പോൾ മത്സരം ഓൾഡ് ട്രാഫോഡിൽ വരെ നടക്കാനുള്ള സാധ്യതയുണ്ട്. ഏതെങ്കിലും ഒരു വാരാന്ത്യത്തിൽ ആയിരിക്കും മത്സരം നടക്കുക എന്നതിനാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം ജൂണിലെ ആദ്യത്തെ വീക്കെൻഡിലാണ് ഇത് നടക്കാൻ സാധ്യതയുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.