Football in Malayalam

റയല്‍ മാഡ്രിഡ് മധ്യനിര താരം ലൂക്ക മോഡ്രിച്ചിനെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

Haroon Rasheed
Modric's current contract expires in the summer
Modric's current contract expires in the summer / Angel Martinez/GettyImages
facebooktwitterreddit

റയല്‍ മാഡ്രിഡിന്റെ മധ്യനിരയിലെ നിർണായക താരമായ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിനെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. 36ാം വയസിലും ടോണി ക്രൂസ്, കസമിറോ എന്നിവര്‍ക്കൊപ്പം റയലിന്റെ ആദ്യ ഇലവനില്‍ ഇടം നേടുന്ന താരമാണ് മോഡ്രിച്ച്. എന്നിരുന്നാലും റയല്‍ മാഡ്രിഡിന്റെ പുതിയ ഓഫറില്‍ മോഡ്രിച്ച് തൃപ്തനല്ലെന്ന് സ്പാനിഷ് മാധ്യമമായ എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

താരം രണ്ട് വര്‍ഷം കരാര്‍ നീട്ടണമെന്നായിരുന്നു റയല്‍ മാഡ്രിഡ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം റയല്‍ മാഡ്രിഡ് അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. ഇന്റര്‍ മിലാനില്‍നിന്ന് ഈ സമ്മറില്‍ താരത്തിന് ഓഫര്‍ വന്നിരുന്നെങ്കിലും റയല്‍ മാഡ്രിഡില്‍ തുടരുന്നതിന് വേണ്ടി മോഡ്രിച്ച് അത് നിരസിക്കുകയായിരുന്നു.

കാര്‍ലോസ് ആന്‍സോലട്ടിക്ക് കീഴില്‍ ജോലി ചെയ്യാന്‍ മാനസികമായി സന്തോഷമാണെന്നും മോഡ്രിച്ച് പ്രതികരിച്ചിരുന്നു. യുവതാരം എഡ്വാര്‍ഡോ കമവിംഗയെ ടീമിലെത്തിച്ചതും ഫെഡറിക്കോ വാല്‍വര്‍ദെ ടീമിലിടം കിട്ടാതെ കഷ്ടപ്പെടുന്നതും കണക്കിലെടുത്താൽ നിലവിലെ സാഹചര്യത്തിൽ മോഡ്രിച്ച് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിൽ റയൽ വിടുന്നത് പൂർണമായും നടക്കാൻ സാധ്യതയുള്ള ഒരു കാര്യമാണ്.

ഡിംസംബറില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ക്രൊയേഷ്യക്കായി കളിക്കണമെങ്കില്‍ ഉയർന്ന തലത്തിൽ തന്നെ ക്ലബ് ഫുട്ബോളിൽ കളിക്കണമെന്ന് മോഡ്രിച്ചിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് താരം റയല്‍ മാഡ്രിഡില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് മിഡ്ഫീല്‍ഡില്‍ ഒരുപാട് താരങ്ങളുണ്ടെങ്കിലും മോഡ്രിച്ചിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ പെപ്പ് തയ്യാറാണ്.

2012ല്‍ പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാമില്‍ നിന്ന് സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിയ മോഡ്രിച്ച് 411 മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. 28 ഗോളുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit