Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ തടയാൻ റയൽ മാഡ്രിഡ് താരത്തിന്റെ കരാറിൽ അസാധാരണ ഉടമ്പടി ചേർത്ത് മാഞ്ചസ്റ്റർ സിറ്റി

Sreejith N
Real Madrid v Real Sociedad - Copa del Rey: Quarter Final
Real Madrid v Real Sociedad - Copa del Rey: Quarter Final / Perez Meca/MB Media/Getty Images
facebooktwitterreddit

ടീമിനൊപ്പം നിലനിർത്താൻ പെപ് ഗ്വാർഡിയോളക്ക് വളരെ താല്പര്യമുണ്ടായിരുന്ന താരമായിട്ടും കൂടുതൽ അവസരങ്ങൾ ലഭിക്കാനാണ് ബ്രഹിം ഡയസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. എന്നാൽ സിദാനു കീഴിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് നിലവിൽ ലോൺ കരാറിൽ ഇറ്റാലിയൻ ക്ലബായ എസി മിലാനു വേണ്ടി കളിക്കുകയാണ് സ്‌പാനിഷ്‌ മുന്നേറ്റനിര താരം.

കഴിഞ്ഞ സമ്മറിൽ എസി മിലാനിലെത്തിയ താരം ഒരു വർഷത്തെ ലോൺ കരാറിനു ശേഷം ഈ സമ്മറിൽ റയലിലേലേക്കു തന്നെ തിരിച്ചെത്താനിരിക്കയാണ്. തിരിച്ചെത്തിയാലും റയൽ മാഡ്രിഡിൽ അവസരങ്ങൾ ഉറപ്പില്ലാത്തതിനാൽ താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഡയസിനെ സമ്മറിൽ റയൽ മാഡ്രിഡ് വിൽക്കുകയാണെങ്കിലും അത് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാവില്ലെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നത്.

മാഞ്ചസ്റ്റർ സിറ്റി ഡയസിനെ റയൽ മാഡ്രിഡിന് നൽകുമ്പോൾ കരാറിൽ ഉൾപ്പെടുത്തിയ ഒരു നിബന്ധനയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തെ വിൽക്കാൻ തടസമാകുന്നത്. ഈ ഉടമ്പടിയിൽ സ്‌പാനിഷ്‌ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് റയൽ മാഡ്രിഡ് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു ലംഘിച്ച് ഡയസിനെ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയാൽ ട്രാൻസ്‌ഫർ ഫീസിന്റെ നാൽപതു ശതമാനം മാഞ്ചസ്റ്റർ സിറ്റിക്ക് അവകാശപ്പെട്ടതാണെന്നും പ്രസ്‌തുത ക്ളോസ് വ്യക്തമാക്കുന്നു.

കോവിഡ് മൂലം റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ സാമ്പത്തിക പ്രതിസന്ധിയിലായതു കൊണ്ടു തന്നെ ഇത്രയും തുക ത്യജിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഡയസിനെ നൽകാൻ ലോസ് ബ്ലാങ്കോസ് തയ്യാറാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌പാനിഷ്‌ താരത്തെ സ്വന്തമാക്കാനുള്ള പദ്ധതി മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളതായും നിലവിൽ റിപ്പോർട്ടുകളില്ല.

റയൽ മാഡ്രിഡിൽ തുടർന്നില്ലെങ്കിൽ ഡയസ് എസി മിലാനിലെ ലോൺ കരാർ നീട്ടാനാണ് സാധ്യത. 2025 വരെ റയലുമായി കരാറുള്ള താരത്തിന് ഇറ്റലിയിൽ ഫോം കണ്ടെത്താൻ കഴിയുന്നുണ്ട്. ഈ സീസണിൽ മിലാനു വേണ്ടി പതിനാലു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം നാല് ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയത്.

facebooktwitterreddit