എർലിങ് ഹാലൻഡിന്റെ ഏജന്റുമായി കൂടിക്കാഴ്ച നടത്തി മാഞ്ചസ്റ്റർ സിറ്റി


വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയായി ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കർ എർലിങ്ങ് ബ്രൂട് ഹാലൻഡിന്റെ ഏജന്റായ മിനോ റയോളയുമായി ചർച്ചകൾ നടത്തി പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ സമ്മറിൽ ടോട്ടനം താരം ഹാരി കേനിനെ സ്വന്തമാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മാഞ്ചസ്റ്റർ സിറ്റി അതിനു പകരമാണ് ഹാലൻഡിനെ ലക്ഷ്യമിടുന്നത്.
ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരിയിലാണ് ഹാലൻഡിന്റെ ഏജന്റായ മിനോ റയോളയെ മാഞ്ചസ്റ്റർ സിറ്റി പ്രതിനിധികൾ സന്ദർശിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രാൻസ്ഫർ സംബന്ധിച്ച കാര്യങ്ങളുടെ മേധാവിയായ ടക്സികി ബേഗിരിസ്റ്റൈൻ ആണ് റയോളയുമായി ചർച്ച നടത്തിയത്. താരത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അവർ അറിയിക്കുകയും ചെയ്തു.
Manchester City have reportedly held talks with Erling Haaland's agent.
— BBC Sport (@BBCSport) March 2, 2022
More ⤵️ #BBCFootball
ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം അടുത്ത സമ്മറിൽ ഹാലൻഡിനെ സ്വന്തമാക്കാൻ സാധ്യത കൂടുതൽ സ്കൈ ബ്ലൂസിനു തന്നെയാണ്. ഹാലൻഡിന്റെ പിതാവ് മുൻ മാഞ്ചസ്റ്റർ സിറ്റി താരമാണെന്നതും ആവശ്യപ്പെടുന്ന തുക നൽകാൻ ഇംഗ്ലീഷ് ക്ലബിനു കഴിയുമെന്നതും താരം സിറ്റിയിൽ എത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.
മാർച്ചിൽ തന്റെ ഭാവിയെ സംബന്ധിച്ച് കൃത്യമായൊരു തീരുമാനം ഹാലൻഡ് കൈക്കൊള്ളുമെന്നും ജർമൻ മാധ്യമത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എർലിങ് ഹാലൻഡും ഡോർട്മുണ്ടും തമ്മിൽ 2024 വരെ കരാർ ഉണ്ടെങ്കിലും ഈ സീസണു ശേഷം 75 മില്യൺ യൂറോയുടെ റിലീസിംഗ് ക്ളോസ് നിലവിൽ വരുന്നതിനാൽ തനിക്ക് താൽപര്യമുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ താരത്തിന് കഴിയും.
അതേസമയം നോർവേ താരത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയുമുള്ളത് മാഞ്ചസ്റ്റർ സിറ്റിക്ക് ഭീഷണി തന്നെയാണ്. എംബാപ്പെ, ഹാലൻഡ് എന്നിവരെ ഒരുമിച്ച് സ്വന്തമാക്കി ഭാവിയുടെ ഒരു ടീം പടുത്തുയർത്താൻ റയൽ മാഡ്രിഡ് ശ്രമിക്കുമ്പോൾ സാവി തന്റെ ടീമിലെ പ്രധാന താരമായാണ് ഹാലൻഡിനെ പരിഗണിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.