Football in Malayalam

ഡെർബി വിജയം നേടിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാനാവുമെന്ന ഉറപ്പില്ലെന്നു സമ്മതിച്ച് സോൾഷെയർ

Sreejith N
Manchester United v Manchester City - Premier League
Manchester United v Manchester City - Premier League / Michael Regan/Getty Images
facebooktwitterreddit

തുടർച്ചയായി ഇരുപത്തിയെട്ടു മത്സരങ്ങൾ അപരാജിതരായി കുതിച്ചെത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ കൊമ്പൊടിച്ചാണ് ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബി മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കണ്ടെത്തിയത്. പെപ് ഗ്വാർഡിയോളയുടെ ആക്രമണനിരയെ സമർത്ഥമായി തടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രത്യാക്രമണങ്ങളിലൂടെയാണ് ഇന്നലത്തെ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചതും രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയതും.

എന്നാൽ ഈ വിജയം കൊണ്ടും പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയർ പറയുന്നത്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയത്തിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ച സോൾഷെയർ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

"ചിലപ്പോൾ ശക്തരായ ടീമുകൾക്കെതിരെ പ്രതിരോധിക്കുമ്പോൾ അവർ അനിവാര്യമായും അവസരങ്ങൾ ഉണ്ടാക്കിയെടുക്കും. ഹാഫ് ടൈമായപ്പോഴാണ് ഞങ്ങൾക്ക് എല്ലാവരെയും പിടിച്ചു നിർത്താൻ ശരിക്കും കഴിഞ്ഞത്. ലൂക് ഷോ നേടിയ രണ്ടാമത്തെ ഗോൾ മനോഹരമായിരുന്നു. രാവിലെ കളിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്ന താരം മനോഹരമായ പ്രകടനമാണ് കാഴ്‌ച വെച്ചത്," സോൾഷെയർ പറഞ്ഞു.

"മറ്റെന്തിനെ കുറിച്ചെങ്കിലും ചിന്തിക്കാൻ കഴിയാത്തത്രയും ദൂരെയാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴുള്ളത്. എന്നാൽ ഞങ്ങൾ ഞങ്ങളുടെ മത്സരങ്ങൾ ജയിച്ച് കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനം നടത്താനാണ് ശ്രമിക്കേണ്ടത്. ഞങ്ങൾ മൂന്നാം സ്ഥാനത്തായിരുന്നു, അതിനാൽ പോയിന്റ് ടേബിളിൽ മുകളിലോട്ട് പോവാൻ ഞങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു."

ഇന്നലെ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസും ഷോയും നേടിയ ഗോളുകളിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സിറ്റിക്ക് മേൽ വിജയം കുറിച്ചത്. ഇതോടെ ഇരുപത്തിയൊന്നു മത്സരങ്ങളിൽ തുടർച്ചയായ വിജയമെന്ന സിറ്റിയുടെ കുതിപ്പിനും അവസാനമായി.

facebooktwitterreddit