Football in Malayalam

'പിഎസ്ജിക്ക് കൂടുതൽ നന്നായി കളിക്കാൻ കഴിയുമെന്ന് തങ്ങൾക്കറിയാം'; സിറ്റിക്കെതിരായ പരാജയത്തിന് ശേഷം കിംപെമ്പെ

Gokul Manthara
Manchester City v Paris Saint-Germain: Group A - UEFA Champions League
Manchester City v Paris Saint-Germain: Group A - UEFA Champions League / Marc Atkins/GettyImages
facebooktwitterreddit

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വഴങ്ങിയ തോൽവിയിൽ നിരാശ പ്രകടിപ്പിച്ച് പിഎസ്ജി സൂപ്പർ താരം പ്രെസ്നൽ കിം‌ പെമ്പെ. പ്രതിഭാശാലികൾ നിറഞ്ഞ പിഎസ്ജിയുടെ യഥാർത്ഥ കഴിവിന്റെ ന്യായമായ പ്രതിഫലനമല്ല ഈ പരാജയമെന്ന് മത്സരശേഷം‌ പറഞ്ഞ അദ്ദേഹം, പിഎസ്ജിക്ക് ഇതിലും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തങ്ങൾക്കറിയാമെന്നും കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ടപ്പോൾ വിജയം നേടിയിരുന്ന പിഎസ്ജി, രണ്ടാം മത്സരത്തിലും ജയത്തിൽക്കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. അത് കൊണ്ടു തന്നെ മത്സരത്തിൽ വഴങ്ങേണ്ടി വന്ന തോൽവി അവർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സംഭവിച്ച തോൽവി തങ്ങളെ ഞെട്ടിച്ചുവെന്ന് മത്സരശേഷം തുറന്ന് സമ്മതിച്ച കിംപെമ്പെ, തോൽവികൾ തങ്ങൾ ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കി.

"യോഗ്യത നേടുക എന്നതായിരുന്നു നമ്പർ 1 ലക്ഷ്യം, അതുറപ്പാണ്. എന്നാൽ ഈ തോൽവിയിൽ ഞങ്ങൾ ഇപ്പോളും നിരാശരാണ്. ഞങ്ങൾക്ക് കൂടുതൽ നന്നായി കളിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ പ്രധാന മത്സരാർത്ഥികളാണ്‌, ഞങ്ങൾ തോൽവി ഇഷ്ടപ്പെടുന്നില്ല. മെച്ചപ്പെടാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ഞങ്ങൾ മത്സരങ്ങൾ നേരത്തെ തീർക്കേണ്ടതുണ്ട്." കിംപെമ്പെ പറഞ്ഞു.

അതേ സമയം മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ പരാജയം. അൻപതാം മിനുറ്റിൽ കെയ്ലിൻ എംബാപ്പെയുടെ ഗോളിൽ മുന്നിലെത്തിയതിന് ശേഷമാണ് റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ് എന്നിവരുടെ ഗോളുകളിൽ പിഎസ്ജിക്ക് തോൽവിയേറ്റു വാങ്ങേണ്ടി വന്നത്. സിറ്റിക്കെതിരെ തോൽവിയേറ്റു വാങ്ങിയെങ്കിലും, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്ലബ്ബ് ബ്രഗ്, ആർ ബി ലെപ്സിഗിനോട് പരാജയപ്പെട്ടതോടെ ഒരു മത്സരം ബാക്കി നിൽക്കെ നോക്കൗട്ട് യോഗ്യത ഉറപ്പിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞു.

facebooktwitterreddit