Football in Malayalam

ഫ്രീ ട്രാന്‍സ്ഫറില്‍ ഡിബാലയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

Haroon Rasheed
AC Milan v Juventus - Serie A
AC Milan v Juventus - Serie A / Ciancaphoto Studio/GettyImages
facebooktwitterreddit

യുവന്റസിന്റെ അര്‍ജന്റൈന്‍ യുവതാരത്തെ നോട്ടമിട്ട് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സീസണ്‍ അവസാനത്തോടെ യുവന്റസുമായി കരാര്‍ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് സിറ്റി കരുക്കള്‍ നീക്കുന്നത്.

ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസെട്ട ഡെല്ലോ സ്‌പോട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഡിബാല യുവന്റസുമായി കരാർ പുതുക്കുന്നതിന് അടുത്തെത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരവുമായി നടത്തിയ ചര്‍ച്ചയില്‍ വേതനം കുറക്കാന്‍ തയ്യാറാവുകയാണെങ്കില്‍ കരാര്‍ നീട്ടാമെന്ന നിലപാടിലായിരുന്നു യുവന്റസ്.

ഡിബാല ഉള്‍പ്പെടെയുള്ള അഞ്ചു താരങ്ങളുടെ ശമ്പളം 15 ശതമാനം കട്ട് ചെയത് പുതിയ കരാര്‍ നല്‍കാമെന്നായിരുന്നു യുവന്റസ് മുന്നോട്ട് വെച്ച ഓഫര്‍ എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഡിബാല യുവന്റസില്‍ നില്‍ക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

ഇതിനെ തുടര്‍ന്നാണ് യൂറോപ്പിലെ വമ്പന്‍മാരായ ലിവര്‍പൂള്‍, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ താരത്തെ സ്വന്തമാക്കുന്നതിന് വേണ്ടി ശ്രമം തുടങ്ങിയത്. സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ നിര്‍ദേശ പ്രകാരമാണ് സിറ്റി ഡിബാലയെ ക്ലബിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. പ്രതിവര്‍ഷം 10 മില്യന്‍ യൂറോയാണ് സിറ്റി ഡിബാലക്കായി ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് ലാ ഗസെറ്റയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015ല്‍ 40 മില്യന്‍ യൂറോക്കായിരുന്നു യുവന്റസ് അര്‍ജന്റൈന്‍ താരത്തെ ഇറ്റലിയിലെത്തിച്ചത്. യുവന്റസിനായി ഇതുവരെ 276 മത്സരത്തില്‍ നിന്ന് 111 ഗോളുകള്‍ നേടിയ താരമാണ് ഡിബാല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit