എർലിങ് ഹാലൻഡിനെ സ്വന്തമാക്കാൻ ബൊറൂസിയ ഡോർട്മുണ്ടുമായി ധാരണയിലെത്തിയതായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി

നോർവീജിയൻ മുന്നേറ്റനിര താരം എർലിങ് ഹാലൻഡിനെ സ്വന്തമാക്കാൻ താരത്തിന്റെ നിലവിലെ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടുമായി ധാരണയിലെത്തിയതായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി.
"2022 ജൂലായ് 1-ന് സ്ട്രൈക്കർ എർലിംഗ് ഹാലൻഡിനെ ക്ലബ്ബിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് ബൊറൂസിയ ഡോർട്ട്മുണ്ടുമായി ഞങ്ങൾ തത്വത്തിൽ ഒരു കരാറിൽ എത്തിയതായി മാഞ്ചസ്റ്റർ സിറ്റിക്ക് സ്ഥിരീകരിക്കാൻ കഴിയും," മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഹാലൻഡുമായി കരാർ കാര്യത്തിലും മറ്റും ധാരണയിലെത്തുന്നതിന് വിധേയമാണ് ഈ ട്രാൻസ്‌ഫറെന്നും സിറ്റി വ്യക്തമാക്കുന്നു. സിറ്റിയുമായി അഞ്ച് വർഷ കരാറിലാണ് ഹാലൻഡ് ഒപ്പു വെക്കുകയെന്നാണ് 90min മനസിലാക്കുന്നത്.
2020ൽ ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറിയതിന് ശേഷം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ നിരയിലേക്ക് വളർന്ന ഹാലൻഡിൽ നിരവധി ക്ലബുകൾക്കായിരുന്നു താത്പര്യമുണ്ടായിരുന്നത്. എന്നാൽ ഹാലൻഡിന് വേണ്ടിയുള്ള മറ്റു ക്ലബുകളുടെ ശ്രമങ്ങളെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കുന്നത്.