എര്‍ലിങ് ഹാളണ്ടിനെ സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ മാഞ്ചസ്റ്റര്‍ സിറ്റി

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ടിനെ സ്വന്തമാക്കാനുള്ള കരാർ പൂർത്തിയാക്കാൻ തങ്ങൾക്കാകുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി വിശ്വസിക്കുന്നതായി 90min മനസിലാക്കുന്നു.
ബൊറൂസിയ ഡോര്ട്മുണ്ടുമായോ ഹാളണ്ടുമായോ പൂര്‍ണമായും ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടില്ലെങ്കിലും, താരത്തെ ഇത്തിഹാദിലെത്തക്കാന് കഴിയുമെന്ന വിശ്വാസത്തിൽ തന്നെയാണ് സിറ്റി.
ഹാളണ്ടിന്റെ ഡോർട്മുണ്ട് കരാറിൽ ഈ മാസം കഴിയുന്നത് വരെ കാലാവധിയുള്ള റിലീസ് ക്ലോസ് ഉണ്ട്. ഇത് ഉപയോഗപ്പെടുത്തി താരത്തെ സ്വന്തമാക്കാൻ ക്ലബുകൾക്ക് കഴിയും. എന്നാൽ, ഒറ്റ തവണയായി റിലീസ് ക്ലോസിൽ പറഞ്ഞ തുക നൽകുന്നതിന് പകരം, അതിനേക്കാൾ കൂടുതൽ തുക പല തവണയായി നൽകുന്ന ഡീലിൽ ഡോർട്മുണ്ടുമായി ധാരണയിലെത്താൻ കഴിയുമെന്ന് സിറ്റി പ്രതീക്ഷിക്കുന്നുണ്ടെന്ന് 90min നേരത്തെ വ്യക്തമാക്കിയിരുന്നു.
എങ്കിലും, താരത്തെ സ്വന്തമാക്കാൻ റിലീസ് ക്ലോസ് മുഴുവൻ ഒറ്റ തവണയായി നൽകണമെങ്കിൽ, അത് ചെയ്യാനും സിറ്റി തയ്യാറാണ്. ഹാളണ്ടിനെ സ്വന്തമാക്കുന്നതിന് വേണ്ടി ഏതാനും ആഴ്ചകളായി സിറ്റി ജര്‍മന്‍ ക്ലബുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഉടന്‍ തന്നെ തങ്ങളുടെ ശ്രമങ്ങള്‍ വിജയം കാണുമെന്നാണ് സിറ്റിയുടെ പ്രതീക്ഷ.
ബോണസ്, മറ്റു ഫീസുകള്‍ എന്നിവ ചേരുമ്പോള്‍ ശമ്പളത്തിന്റെ കാര്യത്തില്‍ സിറ്റി താരം കെവിന് ഡി ബ്രൂയിനെ ഹാളണ്ട് മറികടക്കും.
യൂറോപ്പിലെ വമ്പന്മാരായ റയല്‍ മാഡ്രിഡ്, ബാഴ്സോലണ, പി.എസ്.ജി, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ ക്ലബുകള്‍ക്ക് താരത്തിൽ താത്പര്യമുണ്ടെങ്കിലും, ഹാളണ്ടിനായുള്ള ശ്രമത്തില്‍ ജയിക്കാനാകുമെന്ന വിശ്വാസത്തിലാണ് പ്രീമിയര്‍ ലീഗ് വമ്പന്മാര്.