ഗ്വാർഡിയോള സീരി എയിലേക്ക് ചേക്കേറുമെന്ന് മാഞ്ചസ്റ്റർ സിറ്റി സിഇഒ


മാഞ്ചസ്റ്റർ സിറ്റി പരിശീലകസ്ഥാനം ഒഴിഞ്ഞാൽ പെപ് ഗ്വാർഡിയോള ഇറ്റാലിയൻ ലീഗിലേക്ക് ചേക്കേറുമെന്ന് ക്ലബിന്റെ സിഇഒയായ ഫെറൻ സോറിയാനോ. നിലവിൽ സീരി ബിയിൽ കളിക്കുന്ന പലർമോ ക്ലബിന്റെ ഭൂരിഭാഗം ഷെയറുകളും സിറ്റി ഗ്രൂപ്പ് വാങ്ങിയതിനു പിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ഭാവിയിൽ പലർമോയുടെ പരിശീലകനാവാനുള്ള സാധ്യത കൂടിയാണ് തെളിയുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായി വിലയിരുത്തുന്ന പെപ് ഗ്വാർഡിയോള യൂറോപ്പിലെ മൂന്നു ക്ലബുകളെ മാത്രമേ പരിശീലിപ്പിച്ചിട്ടുള്ളൂ. ബാഴ്സലോണയിൽ നിന്നും ബയേൺ മ്യൂണിക്കിലെത്തിയ അദ്ദേഹം അതിനു ശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം സീരി എയാണെന്നാണ് സോറിയാനോയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
"പലർമോയിൽ വെയിലുള്ള കാലാവസ്ഥയാണോയെന്ന് പെപ് ചോദിച്ചിരുന്നു. ചിലപ്പോൾ അദ്ദേഹം ഭാവിയിൽ ഇവിടെ ജോലി ചെയ്തേക്കാം. ഞങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ഇറ്റാലിയൻ ഫുട്ബോളിനെയും അദ്ദേഹത്തിന് അറിയാം. മറ്റുള്ളവരെപ്പോലെ ഈ ഡീലിൽ പെപ്പും ആവേശത്തിലാണ്." സോറിയാനോ മാധ്യമങ്ങളോട് പറഞ്ഞു.
ഇറ്റലിയിൽ ഒരു ക്ലബ്ബിന്റെയും പരിശീലകചുമതല ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും തന്റെ പ്ലേയിങ് കരിയറിൽ പെപ് ഗ്വാർഡിയോള സീരി എയിൽ ചിലവഴിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബുകളായ റോമ, ബ്രെസിയ എന്നിവക്കു വേണ്ടിയാണ് രണ്ടു പതിറ്റാണ്ടു മുൻപ് ഗ്വാർഡിയോള ബൂട്ടു കെട്ടിയിട്ടുള്ളത്.
അതേസമയം പുതിയ ക്ലബ്ബിനെ സീരി എയിലേക്ക് ഉയർത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും സോറിയാനോ പറഞ്ഞു. ഈ സീസണിൽ സീരി സിയിൽ നിന്നും പ്രമോഷൻ ലഭിച്ച് സീരി ബിയിലെത്തിയ ടീമിന് ആരാധകർ നൽകുന്ന പിന്തുണ വളരെയധികം ആകർഷിക്കുന്നതാണെന്നും സോറിയാനോ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.