ഡെർബി പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിലെ വമ്പൻ പോരുകളിലൊന്നായ മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി. ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് നിലവിലെ പ്രീമിയർ ലീഗ് ജേതാക്കൾ കൂടിയായ സിറ്റി രണ്ടു ഗോളുകളും നേടിയത്.
യുണൈറ്റഡിനെതിരെ പന്തിന്മേൽ ആധിപത്യം പുലർത്തിയ സിറ്റി, തങ്ങളുടെ ഡെർബി എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് മത്സരത്തിലുടനീളം പുറത്തെടുത്തത്.
മത്സരത്തിന്റെ ഏഴാം മിനുറ്റിലാണ് സിറ്റി തങ്ങളുടെ ആദ്യ ഗോൾ നേടിയത്. ജോവോ ക്യാൻസലോയുടെ ബോക്സിലേക്കുള്ള ലോ ക്രോസ് ക്ലിയർ ചെയ്യാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എറിക് ബെയ്ലിയുടെ ശ്രമം സ്വന്തം ഗോൾ വലയിലാണ് കലാശിച്ചത്.
ഒരു ഗോളിന് പിന്നിലായെങ്കിലും, മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ, മികച്ച ആക്രമണനീക്കങ്ങൾ സൃഷ്ടിക്കാനോ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ല. മറുവശത്ത്, മികച്ച നീക്കങ്ങളിലൂടെ അവസരങ്ങൾ സൃഷ്ടിച്ച സിറ്റിയെ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്ന് തടുത്തു നിറുത്തിയത് ഡേവിഡ് ഡി ഹിയയുടെ മികച്ച സേവുകളാണ്.
ആദ്യ പകുതിയുടെ അവസാനമാണ് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ രണ്ടാം ഗോൾ നേടിയത്. ക്യാൻസെലോയുടെ മറ്റൊരു ക്രോസാണ് രണ്ടാം ഗോളിനും വഴി വെച്ചത്. പോർച്ചുഗീസ് താരത്തിന്റെ ക്രോസ് കൈകാര്യം ചെയ്യുന്നതിൽ ലൂക്ക് ഷോക്ക് പിഴച്ചപ്പോൾ, മികച്ച ഒരു റൺ നടത്തിയ ബെർണാർഡോ സിൽവ അത് പോസ്റ്റിലേക്ക് ചെത്തിയിട്ടു. പന്ത് സേവ് ചെയ്യാനുള്ള ഡി ഹിയ ശ്രമിച്ചെങ്കിലും, ഗോൾവല ഒരിക്കൽ കൂടി കുലുങ്ങി.
ആദ്യ പകുതിക്ക് പിരിയുമ്പോൾ രണ്ട് ഗോളുകൾക്ക് പിന്നിലായെങ്കിലും, അതിന് തക്കതായ ഒരു പ്രതികരണം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് രണ്ടാം പകുതിയിലും കണ്ടില്ല. യുണൈറ്റഡ് നീക്കങ്ങളുടെ മുനയൊടിച്ചും, മികച്ച പാസിംഗുകൾ കൊണ്ട് മാഞ്ചസ്റ്റർ സിറ്റി മികച്ചു നിൽക്കുന്നതാണ് രണ്ടാം പകുതിയിലും കണ്ടത്.
ഡെർബി പോരിൽ തോൽവിയേറ്റു വാങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറിന് മേലുള്ള സമ്മർദ്ദവും വർദ്ധിക്കും. ലിവർപൂളിനോടേറ്റ 5-0ത്തിന്റെ നാണം കെടുത്തുന്ന പരാജയത്തിന് പിന്നാലെ ഉയർന്ന സമ്മർദ്ദം കുറക്കാൻ ടോട്ടൻഹാമിന് എതിരെയുള്ള 3-0ന്റെ വിജയവും, അറ്റലാന്റക്ക് എതിരെയുള്ള 2-2ന്റെ സമനിലയും സോൾഷെയറെ സഹായിച്ചിരുന്നുവെങ്കിലും, സിറ്റിക്കെതിരെയുള്ള മത്സരഫലം കൂടുതൽ വിമർശനങ്ങൾക്കും, പരിശീലകനെ മാറ്റാനുള്ള മുറവിളികൾക്കും വഴിവെക്കും.
ഈ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുകളുമായി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ, അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.