റഹീം സ്റ്റെർലിങിനെ നൽകി ബാഴ്സലോണ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താല്പര്യം; സ്വാപ്പ് ഡീലിന് സാധ്യത

ബാഴ്സലോണ മുന്നേറ്റതാരം ഉസ്മാൻ ഡെമ്പെലെയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് താത്പര്യമുണ്ടെന്ന് റിപോർട്ടുകൾ. റഹീം സ്റ്റെർലിങ്ങിൽ കണ്ണുള്ള ബാഴ്സലോണയുമായി ഒരു സ്വാപ്പ് ഡീൽ നടത്താനുള്ള സാധ്യതയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
സ്റ്റെർലിങ്ങിൽ ബാഴ്സക്കും, ഡെമ്പെലെയിൽ മാഞ്ചസ്റ്റർ സിറ്റിക്കും താത്പര്യമുണ്ടെന്ന് പറയുന്ന സ്പാനിഷ് പ്രസിദ്ധീകരണമായ എൽ നാഷണൽ, അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി ഒരു സ്വാപ്പ് ഡീൽ കാണുന്നെന്നും അവകാശപ്പെടുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്ന സ്റ്റെർലിങ്ങിന് ഈ സീസണിൽ ക്ലബിൽ അവസരങ്ങൾ കുറവാണ്. ആഴ്സണൽ ഉൾപ്പെടെ നിരവധി ക്ലബുകൾക്ക് സ്വന്തമാക്കാൻ താല്പര്യമുള്ള താരം അതിനാൽ തന്നെ സിറ്റി വിടാനുള്ള സാധ്യത ഏറെയാണ്.
അതേ സമയം, 2017ൽ റെക്കോർഡ് ട്രാൻസ്ഫറിൽ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ബാഴ്സലോണ സ്വന്തമാക്കിയ ഡെമ്പെലെ, കാറ്റലൻ ക്ലബിനൊപ്പം 2 ലാ ലിഗ ഉൾപ്പടെ 4 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, തന്റെ പൂർണ മികവ് അവിടെ പുറത്തെടുക്കാൻ താരത്തിനായിട്ടില്ല.
പരിക്കുകൾ നിരന്തരം അലട്ടിയ ഡെമ്പെലെക്ക് ബാഴ്സലോണയിൽ പ്രതീക്ഷക്കൊത്തുയരാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ, താരത്തെ വിൽക്കുന്നതിനോട് ബാഴ്സ അനുകൂല നിലപാട് എടുക്കാൻ സാധ്യതയുണ്ട്. ക്ലബുമായുള്ള താരത്തിന്റെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കുകയാണെന്നും ഇതിനോടപ്പം ചേർത്തു വായിക്കാവുന്നതാണ്.