സിൻചെങ്കോ ട്രാൻസ്‌ഫറിന് മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും തമ്മിൽ ധാരണയിലെത്തി

Manchester City, Arsenal Reached Agreement For Zinchenko
Manchester City, Arsenal Reached Agreement For Zinchenko / Michael Regan/GettyImages
facebooktwitterreddit

യുക്രൈൻ താരമായ ഒലക്‌സാണ്ടർ സിൻചെങ്കോയുടെ ട്രാൻസ്‌ഫർ സംബന്ധിച്ച് മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും തമ്മിൽ ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ സിറ്റിയിൽ ലെഫ്റ്റ് ബാക്കായി കളിക്കുന്ന താരത്തെ ടീമിലെത്തിക്കാൻ 35 മില്യൺ യൂറോയാണ് ആഴ്‌സണൽ മുടക്കുകയെന്നാണ് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത്.

ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തിയെങ്കിലും ആഴ്‌സണലിൽ കളിക്കാൻ ഇതുവരെയും സിൻചെങ്കോ സമ്മതം മൂളിയിട്ടില്ല. യുക്രൈൻ താരവുമായി കരാർ എത്ര കാലത്തേക്ക് വേണമെന്നതു സംബന്ധിച്ചും പ്രതിഫലം നൽകുന്നതുമായി ബന്ധപ്പെട്ടും ആഴ്‌സണലിന് ധാരണയിൽ എത്തേണ്ടതുണ്ട്.

സിൻചെങ്കോ ക്ലബ് വിട്ടാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സിറ്റിയിൽ നിന്നും പുറത്തു പോകുന്ന മൂന്നാമത്തെ പ്രധാന താരമായിരിക്കും. ഇതിനു മുൻപ് മുന്നേറ്റനിര താരങ്ങളായ ഗബ്രിയേൽ ജീസസ് ആഴ്‌സണലിലേക്കും റഹീം സ്റ്റെർലിങ് ചെൽസിയിലേക്കും ചേക്കേറിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ സംതൃപ്‌തനാണെങ്കിലും അവസരങ്ങൾ കൂടുതൽ ലഭിക്കുന്നതിനു വേണ്ടിയാണ് സിൻചെങ്കോ ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ ലെഫ്റ്റ് ബാക്കായി കളിക്കുന്ന താരം യുക്രൈൻ ദേശീയ ടീമിലേതു പോലെ മധ്യനിരയിൽ കളിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം യുക്രൈൻ താരം ക്ലബ് വിടുകയാണെങ്കിൽ പകരക്കാരൻ ആരായിരിക്കുമെന്ന കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി ധാരണയിൽ എത്തിയിട്ടുണ്ട്. നിലവിൽ ബ്രൈറ്റണിൽ കളിക്കുന്ന മുൻ ബാഴ്‌സലോണ താരമായ മാർക്ക് കുകുറയ്യയെയാണ് മാഞ്ചസ്റ്റർ സിറ്റി ടീമിലെത്തിക്കാൻ തയ്യാറെടുക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.