റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം, മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും മഗ്വയർ

12 വർഷങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തിയ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണെന്നും, മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുമെന്നും ഹാരി മഗ്വയർ. ഹംഗറിക്കെതിരെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ കൂടിയായ മഗ്വയർ ഇങ്ങനെ പറഞ്ഞത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചു വരവിനെ അതിശയകരമെന്ന് വിശേഷിപ്പിക്കുന്ന മഗ്വയർ, അഞ്ച് തവണ ബാലൻ ഡി ഓർ നേടിയിട്ടുള്ള അദ്ദേഹത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും സംസാരത്തിനിടെ പങ്കു വെച്ചു. നിലവിൽ ഇംഗ്ലണ്ടിനൊപ്പമുള്ള തന്റെ പ്രധാന ശ്രദ്ധ മുഴുവൻ അടുത്ത ദിവസം നടക്കാനിരിക്കുന്ന മത്സരത്തിലാണെന്ന് സംസാരത്തിനിടെ ചൂണ്ടിക്കാട്ടിയ മഗ്വയർ, ഇതിനൊപ്പമായിരുന്നു ഫുട്ബോളിലെ ഏറ്റവും മികച്ച കളികാരനാണ് റൊണാൾഡോയെന്ന് പറഞ്ഞത്.
Harry Maguire: Cristiano Ronaldo is the greatest player to play the gamehttps://t.co/wMnoaq4l1J
— PA Dugout (@PAdugout) September 2, 2021
"എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളികാരനാണ് അദ്ദേഹം. അദ്ദേഹം ക്ലബ്ബിൽ ഒപ്പമുണ്ടായിരിക്കുന്നത് അശ്ചര്യകരമായ കാര്യമാണ്. മൈതാനത്തിന് അകത്തും പുറത്തും അദ്ദേഹം വലിയ സ്വാധീനം ചെലുത്തുമെന്ന് എനിക്കുറപ്പുണ്ട്. നിരവധി കളികാർക്ക് അദ്ദേഹത്തെ കണ്ട് പഠിക്കാനും, മെച്ചപ്പെടാനും കഴിയും. തീർച്ചയായും ഇത് ഞങ്ങളുടെ ടീമിനേയും മെച്ചപ്പെടുത്തും. അത് കൊണ്ടു തന്നെ അദ്ദേഹം ക്ലബ്ബിലുണ്ടായിരിക്കുന്നത് അതിശയകരമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ കണ്ടുമുട്ടാൻ കാത്തിരിക്കുകയാണ് ഞാൻ". റൊണാൾഡോയെക്കുറിച്ച് മഗ്വയർ പറഞ്ഞു.
അതേ സമയം യുവന്റസിൽ നിന്ന് ഇക്കുറി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ ക്ലബ്ബിനൊപ്പമുള്ള തന്റെ രണ്ടാം സ്പെല്ലിലെ ആദ്യ മത്സരം കളിക്കുക അന്താരാഷ്ട്ര ഇടവേളക്ക് ശേഷമായിരിക്കും. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം സെപ്റ്റംബർ 11-ം തീയതി ന്യൂകാസിൽ യുണൈറ്റഡിനെതിരെയായിരിക്കും ഓൾഡ് ട്രാഫോഡിലേക്കുള്ള തിരിച്ചു വരവിൽ റൊണാൾഡോയുടെ ആദ്യ പോരാട്ടം.