Manchester United

റൊണാൾഡോയെ കുറിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്‌ത്‌ മഗ്വയർ, വിമർശനവുമായി ആരാധകർ

Sreejith N
Maguire Receives Criticism After Liking Post About Ronaldo
Maguire Receives Criticism After Liking Post About Ronaldo / Soccrates Images/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹാരി മഗ്വയർ വിമർശനം നേരിടുന്നു. താരങ്ങളുടെ പ്രതിഫലം ഇരുപത്തിയഞ്ചു ശതമാനം വെട്ടിക്കുറക്കാനുള്ള തീരുമാനമാണ് റൊണാൾഡോയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നതെന്ന സ്പോർട്ട്ബൈബിളിന്റെ പോസ്റ്റിനാണ് മഗ്വയർ സ്വന്തം അക്കൗണ്ടിൽ നിന്നും ലൈക്ക് നൽകിയത്.

കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിരുന്നില്ല. ഇതേത്തുടർന്നാണ് ടീമിലെ താരങ്ങളുടെ പ്രതിഫലം കുറക്കാൻ ക്ലബ് തീരുമാനിച്ചത്. ഇതോടെ ആഴ്‌ചയിൽ 480000 പൗണ്ട് വേതനം വാങ്ങുന്ന തന്റെ പ്രതിഫലം 360000 പൗണ്ടായി മാറുന്നതിൽ റൊണാൾഡോ തൃപ്‌തനല്ലെന്നാണ് സ്പോർട്ട്ബൈബിൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിനെ അടിസ്ഥാനമാക്കി വെളിപ്പെടുത്തിയത്.

സ്പോർട്ട്ബൈബിളിന്റെ പോസ്റ്റ് ലൈക്ക് ചെയ്‌തതിന്‌ ആരാധകർ ഹാരി മഗ്വയറിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്‌സി അണിയാൻ മഗ്വയർക്ക് അർഹതയില്ലെന്ന് ഒരു ആരാധകൻ അഭിപ്രായപ്പെട്ടപ്പോൾ ഒട്ടും പ്രൊഫെഷണൽ അല്ലാത്ത സമീപനമാണ് ഇതെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനെന്ന നിലയിൽ മഗ്വയർ ഒരു വലിയ തമാശയാണെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

അതേസമയം മനഃപൂർവമല്ലാതെയാണ് ആ പോസ്റ്റ് ലൈക്ക് ചെയ്‌തതെന്ന വിശദീകരണം മഗ്വയർ ബിബിസി സ്പോർട്ടിന് നൽകിയതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പോസ്റ്റിനുള്ള ലൈക്ക് താരം പിന്നീട് പിൻവലിക്കുകയും ചെയ്‌തിരുന്നു. റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്നതിനാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കൊപ്പം പ്രീ സീസൺ പരിശീലനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ് മഗ്വയർ. എന്നാൽ പരിശീലനം തുടങ്ങി മൂന്നു ദിവസമായിട്ടും റൊണാൾഡോ ടീമിനൊപ്പം ചേർന്നിട്ടില്ല. ഇത് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളെ ശക്തമാക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit