യൂറോപ്യൻ സൂപ്പർലീഗ്: റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ക്ലബുകൾക്കു തിരിച്ചടിയായി കോടതിവിധി


യൂറോപ്യൻ സൂപ്പർലീഗ് പദ്ധതികളുമായി മുന്നോട്ടു പോകുന്ന റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ക്ലബുകൾക്ക് തിരിച്ചടി നൽകി മാഡ്രിഡ് കോടതിയിലെ പുതിയ ജഡ്ജി മറ്റൊരു വിധി പുറപ്പെടുവിച്ചു. പുതിയ വിധിപ്രകാരം യുവേഫക്കെതിരായ അനുശാസനം അവർ എടുത്തു കളഞ്ഞിട്ടുണ്ട്. പുതിയ ഉത്തരവ് വന്നതോടെ സൂപ്പർലീഗ് പദ്ധതിയിൽ തുടരുന്ന ഈ മൂന്നു ക്ലബുകൾക്കെതിരെയും നടപടിയെടുക്കാൻ യുവേഫക്ക് അധികാരമുണ്ടാകും.
എന്നാൽ നിലവിൽ യുവേഫ ഈ ക്ലബുകൾക്കെതിരെ നടപടി എടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് ഈ കേസ് പരിഗണിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ ക്ലബുകൾക്കെതിരെ ഇപ്പോൾ യുവേഫ നടപടിക്ക് ഒരുങ്ങാത്തത്. യൂറോപ്യൻ യൂണിയന്റെ നിയമത്തിൽ സൂപ്പർലീഗ് പദ്ധതിക്ക് സംരക്ഷണം ലഭിക്കുന്നുണ്ടോയെന്ന് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസാണ് തീരുമാനിക്കുക.
Happy 1st birthday, European Super League. It turns out UEFA can punish you*.
— Matt Slater (@mjshrimper) April 21, 2022
(*I suspect it won't until the European Court of Justice has its say, which may come in time for the ESL's 2nd birthday.)https://t.co/boCg0Lt2GO
മാഡ്രിഡ് കോടതി മുൻകരുതൽ നടപടികൾ പൂർണമായും എടുത്തു മാറ്റിയ ഉത്തരവു ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം യുവേഫ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഈ തീരുമാനത്തെ യുവേഫ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഇതേക്കുറിച്ച് കുറച്ചു സമയത്തേക്ക് യുവേഫ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്താനില്ലെന്നും പ്രസ്താവനയിലൂടെ അവർ വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് യൂറോപ്പിലെ പന്ത്രണ്ടു ക്ലബുകൾ സൂപ്പർലീഗ് പ്രഖ്യാപനം നടത്തിയത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഒൻപതു ക്ലബുകൾ പിന്മാറ്റം നടത്തിയെങ്കിലും മൂന്നു ക്ലബുകൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇവർക്കെതിരെ യുവേഫ നടപടി സ്വീകരിക്കുമെന്ന ഭീഷണി മുഴക്കിയെങ്കിലും അന്നത്തെ മാഡ്രിഡ് കോർട്ട് ജഡ്ജ് സൂപ്പർലീഗ് ടീമുകൾക്കൊപ്പം നിന്ന് നടപടി എടുക്കാനുള്ള നീക്കങ്ങൾ തടഞ്ഞു കൊണ്ട് ഉത്തരവ് നൽകുകയായിരുന്നു.
ഈ ഉത്തരവ് ഇപ്പോൾ നീക്കം ചെയ്തത് സൂപ്പർലീഗിനെ നഖശിതാന്തം എതിർക്കുന്ന യുവേഫക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. അതേസമയം കഴിഞ്ഞ വർഷം വന്ന ഉത്തരവ് തങ്ങളുടെ വിജയമായി കണ്ട ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾക്ക് പുതിയ വിധി തിരിച്ചടിയാണ്. എങ്കിലും ഈ വിധിക്കെതിരെ അപ്പീൽ പോകാൻ അവർക്കു കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.