Football in Malayalam

മെസിയെക്കാണാൻ പാരീസ് എയർപോർട്ടിൽ തിക്കിത്തിരക്കി ആയിരക്കണക്കിന് ആരാധകർ; അവസാനം നിരാശയോടെ മടക്കം

Gokul Manthara
GEOFFROY VAN DER HASSELT/Getty Images
facebooktwitterreddit

ബാഴ്സലോണ വിട്ട ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലേക്ക് ചേക്കേറുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പി എസ് ജി മുന്നോട്ട് വെച്ച പുതിയ ഓഫർ മെസി സ്വീകരിക്കുമെന്നും ഉടൻ തന്നെ അദ്ദേഹം ബാഴ്സലോണയിൽ നിന്ന് പാരീസിലേക്ക് യാത്ര തിരിക്കുമെന്നുമുള്ള തരത്തിൽ അദ്ദേഹം ട്വീറ്റ് ചെയ്തതോടെ മെസിയുടെ ബാഴ്സലോണയിലേക്കുള്ള നീക്കം ഫുട്ബോൾ ലോകം മുഴുവൻ ഉറപ്പിച്ചു.

പാരീസ് സെന്റ് ജെർമ്മനുമായി കരാർ കാര്യത്തിൽ ധാരണയിലെത്തിയെങ്കിലും ഈ കരാർ ഔദ്യോഗികമാകണമെങ്കിൽ മെസി ക്ലബ്ബിന്റെ ആസ്ഥാനമായ പാരീസിലെത്തേണ്ടത് അനിവാര്യമാണ്. ഇതിനിടെയാണ് പി എസ് ജി കരാർ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞ ദിവസം വൈകിട്ട് മെസി പാരീസിലേക്കെത്തുമെന്നുള്ള അഭ്യൂഹം അവിടുത്തെ ഫുട്ബോൾ പ്രേമികൾക്കിടയിൽ പരന്നത്.

ഞായറാഴ്ച വൈകിട്ട് മെസി പാരീസിലെത്തുമെന്ന് സംസാരം ഉയർന്നതോടെ അദ്ദേഹത്തെ കാണാൻ പാരീസിലെ ലെ ബോർഗെറ്റ് വിമാനത്താവളത്തിലേക്ക് ആയിരക്കണക്കിന് ആരാധകർ ഇരച്ചെത്തി. എന്നാൽ അതൊരു വ്യാജ വാർത്ത മാത്രമായിരുന്നു. അത് കൊണ്ടു തന്നെ മെസിയെ കാണാനും പാരീസിലേക്ക് അദ്ദേഹത്തെ സ്വീകരിക്കാനും വിമാനത്താവളത്തിൽ തിക്കിത്തിരക്കിയ ആരാധകർക്കെല്ലാം നിരാശയോടെ അവിടെ നിന്ന് മടങ്ങേണ്ടി വന്നു. ഞായറാഴ്ച ബാഴ്സലോണയിൽ പത്രസമ്മേളനം നടത്തിയതിന് ശേഷം അവിടെ തന്നെ തുടർന്ന മെസി ഇന്നോ നാളെയോ പാരീസിലേക്ക് പറക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന‌ സൂചനകൾ.

അതേ സമയം ബാഴ്സലോണ വിടുന്ന തനിക്ക് നിരവധി ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മെസി, പി എസ് ജിയിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നും ബാഴ്സലോണയിൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മെസി ഇക്കുറി പിഎസ് ജിയിൽത്തന്നെയാവും കളിക്കുക.


facebooktwitterreddit