കരാർ പുതുക്കാൻ എംബാപ്പയെ സ്വാധീനിച്ചതിനു പിന്നാലെ സിദാൻ പിഎസ്‌ജി പരിശീലകൻ ആവണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ
By Sreejith N

ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസമായ സിനദിൻ സിദാൻ ഫ്രാൻസിലെ ക്ലബിന്റെ പരിശീലകനായി വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിന്റെ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോൺ. നിലവിൽ പിഎസ്‌ജി പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ ഈ സമ്മറിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മാക്രോൺ സിദാൻ ഫ്രാൻസിലെത്താൻ ആഗ്രഹമുണ്ടെന്ന് പ്രതികരിച്ചത്.
നേരത്തെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കുന്നതിന് ഇമ്മാനുവൽ മാക്രോൺ നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. കരാർ പുതുക്കുന്നതിനു മുൻപ് പിഎസ്‌ജിയിൽ തന്നെ തുടരണമെന്നു താൻ ആവശ്യപ്പെട്ട കാര്യം ദിവസങ്ങൾക്കു മുൻപ് വെളിപ്പെടുത്തിയ മാക്രോൺ അതിനു പുറമെയാണ് സിദാനെപ്പറ്റിയും പ്രതികരിച്ചത്.
🗣 | The president of France, Emmanuel Macron, wants to see Zinedine Zidane as the manager of PSG 👀 pic.twitter.com/GSaKstQ7lm
— TEAMtalk (@TEAMtalk) June 8, 2022
"എനിക്ക് എംബാപ്പയുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നു, എന്നാൽ സ്വന്തം താൽപര്യപ്രകാരമാണ് താരം തീരുമാനം എടുത്തത്. എംബാപ്പെ അതു കാണിച്ചു, താരത്തിന് വളരെ പക്വതയുണ്ട്, ഉത്തരവാദിത്വവും വളരെ ആത്മാർത്ഥതയും കൊണ്ട് തന്റെ കരിയർ താരം കെട്ടിപ്പടുക്കുകയാണ്." ആർഎംസി സ്പോർട്ടിനോട് മാക്രോൺ പറഞ്ഞു.
"ഞാൻ സിദാനുമായി സംസാരിച്ചിട്ടില്ല, പക്ഷെ താരത്തോട് എനിക്ക് വളരെയധികം ആരാധനയുണ്ട്, കളിക്കാരനെന്ന നിലക്കും പരിശീലകൻ എന്ന നിലക്കും. ഫ്രഞ്ച് ലീഗിൽ അദ്ദേഹത്തിനെ പോലെ കഴിവുള്ള ഒരാൾ ഞങ്ങളുടെ ക്ലബുകൾക്ക് മൂന്നു കിരീടങ്ങളും നൽകാൻ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."
"ഫ്രഞ്ച് ലീഗിലും ഫ്രാൻസിലും സ്വാധീനം ചെലുത്തി ഒരു ഫ്രഞ്ച് ക്ലബ്ബിനെ പരിശീലിപ്പിക്കാൻ അദ്ദേഹമെത്തുന്നത് മഹത്തായ കാര്യമാണ്. ഫ്രാൻസ് സ്പോർട്ട്സിനും ഫുട്ബോളിനും പ്രാധാന്യം നൽകുന്ന രാജ്യമാണ്. ഇതിഷ്ടപ്പെടുന്ന ഒരുപാട് ആരാധകർ ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ചവർ ഇവിടെ ഉണ്ടാകണം." മാക്രോൺ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.