ടൈറൽ മലാസിയയെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ലിയോൺ

Both Malacia and Antony are among Man Utd transfer targets
Both Malacia and Antony are among Man Utd transfer targets / BSR Agency/GettyImages
facebooktwitterreddit

ടൈറൽ മലാസിയയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറി ഫ്രഞ്ച് ക്ലബായ ലിയോൺ. ഡച്ച് വമ്പന്മാരായ ഫെയ്നൂർദിന്റെ താരമായ മലാസിയയെ സ്വന്തമാക്കുന്നതിന് അടുത്തെത്തിയിരുന്ന ലിയോൺ, താരത്തിന് വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രംഗപ്രവേശനത്തിന് ശേഷമാണ് നീക്കത്തിൽ നിന്ന് പിന്മാറുന്നത്.

മലാസിയയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഫെയ്നൂർദുമായി ധാരണയിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, വ്യക്തിഗത നിബന്ധനകളുടെ കാര്യത്തിൽ താരവുമായി ധാരണയിലെത്താനുള്ള നീക്കങ്ങളിലാണിപ്പോൾ. ട്രാൻസ്ഫർ ഫീയായി 15 മില്യൺ യൂറോയും, ആഡ്-ഓണുകളിലായി 2 മില്യൺ യൂറോയും നൽകാമെന്നാണ് ഫെയ്നൂർദുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയത്.

സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ തങ്ങളുടെ മറ്റു ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നതിന് മുൻപ് പ്രധാന ലക്ഷ്യമായ ഫ്രെങ്കി ഡി യോങിനെ ടീമിലെത്തിക്കാൻ എത്ര ചിലവഴിക്കേണ്ടി വരുമെന്ന് അറിയാൻ കാത്തിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, അക്കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയതിന് ശേഷമാണ് മലാസിയക്കായുള്ള പെട്ടെന്നുള്ള നീക്കം നടത്തിയത്.

മലാസിയക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം നടത്തിയതിന് പിന്നാലെ, താരത്തിന് വേണ്ടി 12 മില്യൺ യൂറോയും ആഡ്-ഓണുകളും വാഗ്‌ദാനം ചെയ്‌തിരുന്ന ലിയോൺ തങ്ങളുടെ ഓഫർ വർദ്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മലാസിയ സൂചിപ്പിച്ചതായാണ് മനസിലാക്കുന്നത്.

വ്യക്തിഗത നിബന്ധനകളുടെ കാര്യത്തിൽ മലാസിയയുമായി ഇത് വരെ ധാരണയിലെത്തിയിട്ടില്ലെങ്കിലും, അത് ഒരു പ്രശ്‌നമാവില്ലെന്നാണ് കരുതപ്പെടുന്നത്.

മലാസിയയെയും ഡി യോങിനെയും സ്വന്തമാക്കാനുള്ള നീക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വരും ദിവസങ്ങളിൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേ സമയം, ഡെൻമാർക്ക്‌ താരം ക്രിസ്ത്യൻ എറിക്‌സണ് കോൺട്രാക്ട് ഓഫർ നൽകിയിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, താരത്തിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. അയാക്‌സ് താരങ്ങളായ ലിസാൻഡ്രോ മാർട്ടിനസിലും ആന്റണിയിലും താത്പര്യമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, അവർക്കായുള്ള നീക്കങ്ങളിലേക്കാണ് ഇനി കടക്കുക എന്നാണ് കരുതപ്പെടുന്നത്.