ആഴ്സണൽ നോട്ടമിട്ട ലൂക്കാസ് പക്വെറ്റക്കായി നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ലിയോൺ പ്രസിഡന്റ്


പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന് താത്പര്യമുള്ള ബ്രസീലിയൻ മധ്യനിരതാരം ലൂക്കാസ് പക്വെറ്റക്കായി നിരവധി ഓഫറുകൾ ലഭിച്ചതായി വെളിപ്പെടുത്തി ലിയോൺ പ്രസിഡന്റ് ജീൻ മൈക്കൽ ഓലസ്.
മുന്നേറ്റനിരയിലേക്കുള്ള ഗബ്രിയേൽ ജീസസ് ട്രാൻഫറിന് ശേഷം മധ്യനിരയിൽ കളി മെനയാൻ കഴിയുന്ന താരത്തിനായുള്ള ശ്രമങ്ങൾക്ക് മൈക്കൽ അർട്ടേറ്റ തുടക്കമിട്ടിരിക്കുകയാണ്. ആഴ്സണൽ ഏറെക്കാലമായി പിന്തുടരുന്ന പക്വെറ്റ അത്തരത്തിലൊരു കളിക്കാരനാണ്.
ലിയോണിനു ഏതൊക്കെ ക്ലബ്ബിന്റെ ഓഫറുകളാണ് ലഭിച്ചതെന്ന് പ്രസിഡന്റ് ഓലസ് വെളിപ്പെടുത്തുന്നില്ലെങ്കിലും താരത്തിനായി നിരവധി ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും താരവും ക്ലബ്ബ് വിടാനുള്ള ശ്രമം ആരംഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
പാക്വെറ്റയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങളെക്കുറിച്ച് ഓലസ് മാധ്യമങ്ങളോട് പറഞ്ഞിതിങ്ങനെ: "അവനു വേണ്ടി ഓഫറുകളുണ്ട്. ഞങ്ങളുടെ പ്രൊജക്റ്റിൽ പൂർണത തോന്നുന്ന ചില താരങ്ങളുണ്ട്. ചിലർ അങ്ങനെ അല്ലാത്തവരും. സാമ്പത്തികമായി, ഞങ്ങൾക്ക് ഞങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും പിന്തുടരാനുള്ള മാർഗങ്ങളുണ്ട്.
"കോച്ച് ഞങ്ങൾക്ക് അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം കളിക്കാർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ഉണ്ട്,” ഓലസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ലിയോണിൽ നിന്നും ബ്രൂണോ ഗുയ്മാരസിനെ സ്വന്തമാക്കിയ ന്യൂകാസിൽ യുണൈറ്റഡും പക്വെറ്റയിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. താരത്തിനായി ആഴ്സണലുമായി മത്സരിക്കാനുള്ള സാമ്പത്തികശേഷിയും ന്യൂകാസിലിനുണ്ട്.
എന്നിരുന്നാലും എവിടേക്ക് ചെക്കേറണമെന്ന തീരുമാനം ഇപ്പോഴും താരത്തിന്റെ കയ്യിലാണുള്ളത്. അതിനെക്കുറിച്ച് ലിയോൺ പരിശീലകനായ പീറ്റർ ബോസും തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.
“എല്ലാ നല്ല കളിക്കാരെയും നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങളും യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം.
"ലൂക്കാസ് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, പക്ഷേ അത് കളിക്കാരൻ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഞാൻ ഇതിനകം അവനുമായി ഒരു സംഭാഷണം നടത്തിയിരുന്നു. പക്ഷേ അത് ഞങ്ങൾക്കിടയിൽ മാത്രം രഹസ്യമായിരിക്കും," ബോസ് പറഞ്ഞു.
ലിയോണിനു വേണ്ടി 77 മത്സരങ്ങൾ കളിച്ച താരം 21 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2025 വരെ കരാർ നിലവിലുള്ളതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ വൻ തുകതന്നെ മുടക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.