പിഎസ്‌ജിയെപ്പോലെ തന്നെ പണമിറക്കാൻ തങ്ങൾക്കും കഴിയുമെന്ന് ഫ്രഞ്ച് ക്ലബ് ലിയോൺ
By Sreejith N

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്‌ജിയെപ്പോലെ തന്നെ തങ്ങൾക്കും പണമിറക്കാനുള്ള കഴിവുണ്ടെന്ന് ഫ്രഞ്ച് ക്ലബായ ലിയോണിന്റെ അമേരിക്കൻ ഉടമകൾ. കിരീടങ്ങൾ നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി പണം ചിലവഴിക്കാൻ വേണ്ടി തുടങ്ങുകയാണെന്നും അമേരിക്കൻ നിക്ഷേപകൻ ജോൺ ടെക്സ്റ്റർ പറഞ്ഞു.
2008 മുതൽ ഫ്രഞ്ച് ലീഗ് വിജയിക്കാൻ ലിയോണിന് കഴിഞ്ഞിട്ടില്ല. അതേസമയം ഖത്തർ ഏറ്റെടുത്തതിനു ശേഷം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായി മാറിയ പിഎസ്‌ജി ഈ വർഷങ്ങളിൽ ഫ്രഞ്ച് ലീഗിലെ ഏറ്റവും കരുത്തരായി മാറുകയും ചെയ്‌തു. എന്നാൽ പിഎസ്‌ജിയെ മറികടക്കാൻ തങ്ങൾക്കു കഴിയുമെന്നു തന്നെയാണ് ടെക്സ്റ്റർ കരുതുന്നത്.
John Textor, Lyon’s new American owner, has made it a point to go right at PSG https://t.co/Bw0pQiDPN7
— SI Soccer (@si_soccer) June 21, 2022
"പിഎസ്‌ജിയെപ്പോലെയുള്ള മാതൃകകൾ എനിക്കിഷ്‌ടമല്ല. എന്തൊക്കെയായാലും മഹത്തായ അത്ലറ്റുകളുള്ള, മികച്ച ടീമായ അവരെ കാണാൻ എല്ലാവർക്കും ഇഷ്‌ടമാണ്. വർഷങ്ങൾക്കുള്ളിൽ അവർക്കു മുന്നിലെത്താനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങൾ പണം ചിലവഴിക്കാനും കരുത്തു കാണിക്കാനും തുടങ്ങുകയാണ്." അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഖത്തർ അമീർ പിഎസ്‌ജിക്കു വേണ്ടി ചിലവഴിക്കുന്ന അത്രയും തന്നെ തുക ലിയോണിനു വേണ്ടി ചിലവഴിക്കാൻ തങ്ങൾക്കു കഴിയുമെന്നും ഫുബോ ടിവിയുടെ മുൻ എക്‌സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ടെക്സ്റ്റർ പറഞ്ഞു. ലിയോണിന്റെ ഉടമസ്ഥാവകാശം അടുത്തിടെ ഏറ്റെടുത്ത അദ്ദേഹം ക്രിസ്റ്റൽ പാലസിന്റെ സഹഉടമകളിൽ ഒരാൾ കൂടിയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.