Football in Malayalam

ആരാധകർ ദിമിത്രി പയറ്റിനെ കുപ്പി കൊണ്ടെറിഞ്ഞു, ഫ്രഞ്ച് ലീഗ് മത്സരം നിർത്തിവെച്ചു

Sreejith N
FBL-FRA-L1-LYON-MARSEILLE
FBL-FRA-L1-LYON-MARSEILLE / PHILIPPE DESMAZES/GettyImages
facebooktwitterreddit

ഒളിമ്പിക് ലിയോണും മാഴ്‌സയും തമ്മിലുള്ള ഫ്രഞ്ച് ലീഗ് മത്സരം ആരാധകരുടെ അതിക്രമത്തെ തുടർന്ന് നിർത്തി വെച്ചു. മത്സരം തുടങ്ങി നാലു മിനുട്ട് പിന്നിട്ടപ്പോൾ കോർണർ എടുക്കാൻ നിന്ന ഫ്രഞ്ച് താരം ദിമിത്രി പയറ്റിന്റെ തലയിലേക്ക് ആരാധകർ കുപ്പി എറിഞ്ഞതിനെ തുടർന്ന് മാച്ച് റഫറിയായ റുഡ്‌ഡി ബുക്വ മത്സരം നിർത്തി വെക്കുകയും സുരക്ഷ ഉറപ്പില്ലാത്തതിനാൽ അതു പുനരാരംഭിക്കുന്നില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.

മത്സരം വീണ്ടും ആരംഭിക്കാനുള്ള തീരുമാനം പ്രാദേശിക അധികാരികൾ എടുത്തെങ്കിലും മാഴ്‌സയുടെ ആരാധകരിൽ നിന്നുമുള്ള കടുത്ത പ്രതിഷേധം മൂലം റഫറി അതിൽ നിന്നും പിന്മാറിയെന്ന് ലിയോണിന്റെ ഉടമയായ ജീൻ മൈക്കൽ ഔലാസ് ആമസോൺ പ്രൈമിനോട് പറഞ്ഞു. അതേസമയം മത്സരം നിർത്തിവെക്കാൻ തന്നെയാണ് അല്ലെങ്കിലും താൻ തീരുമാനിച്ചിരുന്നതെന്ന് റഫറിയായ ബുക്വയും വെളിപ്പെടുത്തി.

"മത്സരം പുനരാരംഭിക്കേണ്ടതില്ല എന്നു തന്നെയായിരുന്നു എന്റെ തീരുമാനം. പൊതുക്രമത്തിനുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മത്സരം തുടരേണ്ടതില്ല എന്ന എന്റെ തീരുമാനം ഞാൻ മുറുകെപ്പിടിച്ചു. അത് കായികപരമായ കാരണങ്ങൾ കൊണ്ടു തന്നെയാണ്. അതിൽ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെങ്കിലും ഞാൻ തന്നെയാണ് അവസാന തീരുമാനം എടുത്തത്." ബുക്വ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സീസണിൽ ഫ്രഞ്ച് ലീഗിലെ മത്സരങ്ങൾക്കിടയിൽ ആരാധകർ നടത്തിയ അക്രമങ്ങളിൽ ഒന്നു മാത്രമാണ് ഇന്നലത്തെ സംഭവം. ഓഗസ്റ്റിൽ മാഴ്‌സയും നീസും തമ്മിൽ നടന്ന മത്സരത്തിനിടെ നീസ് ആരാധകർ മൈതാനത്തിറങ്ങി മാഴ്‌സ താരങ്ങളെയും സ്റ്റാഫുകളെയും കായികമായി ആക്രമിച്ചിരുന്നു. ഇതുകൂടാതെ ലെൻസ്-ലില്ലെ, മാഴ്‌സ-ആംഗേഴ്‌സ്, ബോർഡെക്‌സ്-മോണ്ട്പെല്ലിയർ തുടങ്ങിയ മത്സരങ്ങൾക്കിടയിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.

facebooktwitterreddit