ഒരു കാര്യത്തിൽ നെയ്‌മറെക്കാൾ അപകടകാരി, ലൂക്ക് ഡി ജോങ്ങിനെക്കുറിച്ച് കൂമാൻ

Sreejith N
Ronald Koeman
Ronald Koeman / David Ramos/Getty Images
facebooktwitterreddit

ഒരു സ്‌ട്രൈക്കർ ടീമിലില്ലെന്നതിന്റെ കുറവ് പരിഹരിക്കാനായി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസമാണ് സെവിയ്യയിൽ നിന്നും ലൂക്ക് ഡി ജോങിനെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ സെവിയ്യക്കു വേണ്ടി 34 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടും നാല് ഗോളുകൾ മാത്രം നേടിയ ഡച്ച് താരത്തിനു ബാഴ്‌സലോണ പോലെയൊരു വമ്പൻ ക്ലബ്ബിന്റെ മുന്നേറ്റനിരയിൽ എത്രത്തോളം തിളങ്ങാൻ കഴിയുമെന്നതിൽ ആരാധകർക്ക് ആശങ്കയുണ്ട്.

അതേസമയം ടീമിൽ തന്റെ പദ്ധതികൾ നടപ്പിലാക്കാൻ ലൂക്ക് ഡി ജോംഗ് അനുയോജ്യനാണെന്നാണ് പരിശീലകനായ റൊണാൾഡ്‌ കൂമാൻ പറയുന്നത്. ഏരിയൽ ബോൾസിൽ താരത്തിനുള്ള കഴിവ് ബാഴ്‌സലോണക്ക് ഗുണം ചെയ്യുമെന്നും ഒരു ക്രോസ് വരുമ്പോൾ നെയ്‌മറേക്കാൾ അപകടകാരിയാണ് താരമെന്നും കൂമാൻ കഴിഞ്ഞ ദിവസം പറഞ്ഞു.

"ഒരു ക്രോസ് വരുന്ന സമയത്ത് നെയ്‌റെക്കാൾ അപകടകാരിയാണ് ലൂക്ക് ഡി ജോംഗ്. ബാഴ്‌സലോണയിൽ നിലവിലുള്ള മുന്നേറ്റനിര താരങ്ങളിൽ നിന്നും വളരെ വ്യത്യസ്‌തനാണ് അദ്ദേഹം. എല്ലാ ടീമുകളിലും അദ്ദേഹത്തെ പോലൊരു താരം ഉണ്ടായിരിക്കണം എന്നാണു ഞാൻ കരുതുന്നത്," എൻഓഎസിനോട് കൂമാൻ പറഞ്ഞു. കഴിഞ്ഞ വർഷം തന്നെ ഇതുപോലെയൊരു താരത്തിന്റെ സൈനിങ്‌ താൻ ആവശ്യപ്പെട്ടിരുന്നുവെന്നും കൂമാൻ പറഞ്ഞു.

"എനിക്ക് സ്‌ട്രൈക്കർമാരെ മാറ്റേണ്ടതുണ്ട്. ലൂക്കിനെ പോലൊരു താരത്തെയാണ് മത്സരത്തിൽ ആവശ്യമെങ്കിൽ അവൻ തന്നെ കളിക്കണം. അന്റോയിൻ ഗ്രീസ്‌മനെ നഷ്‌ടപ്പെട്ട സമയത്തു ഞങ്ങൾക്ക് മൂന്നു ഫോർവേഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓഗസ്റ്റ് 8നാണു ഞാൻ ലൂക്കിനെ ആദ്യമായി ബന്ധപ്പെടുന്നത്. അപ്പോൾ തന്നെ ബാഴ്‌സയിൽ ഇതുപോലെയൊരു താരം ഇല്ലല്ലോ എന്നു ഞാൻ അത്ഭുതപ്പെടുകയും ചെയ്‌തു," കൂമാൻ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ലൂക്ക് ഡി ജോങിനെ ബാഴ്‌സലോണ ഔദ്യോഗികമായി അവതരിപ്പിച്ചത്. മുപ്പതു കഴിഞ്ഞ താരം ബാഴ്‌സയിൽ കൂടുതൽ മത്സരങ്ങളിലും പകരക്കാരനായാവും ഇറങ്ങുകയെന്നാണ് സൂചനകൾ.


facebooktwitterreddit