Football in Malayalam

വോൾവ്‌സിനെതിരായ തോൽ‌വിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ലൂക്ക് ഷാ

Sreejith N
Manchester United v Wolverhampton Wanderers - Premier League
Manchester United v Wolverhampton Wanderers - Premier League / Clive Brunskill/GettyImages
facebooktwitterreddit

വോൾവ്‌സിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ടീമിന്റെ പ്രതിരോധതാരമായ ലൂക്ക് ഷാ. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ കൃത്യമായി അപ്രമാദിത്വം സ്ഥാപിച്ച വോൾവ്‌സ് പോർച്ചുഗൽ താരം മൗട്ടീന്യോ എൺപത്തിരണ്ടാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിലാണ് വിജയം നേടിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാപ്റ്റൻ ആംബാൻഡണിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പന്തിന്മേലുള്ള ആധിപത്യം പുലർത്താനും മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനും ബുദ്ധിമുട്ടുകയായിരുന്നു. അവസരങ്ങൾ കൃത്യമായി മുതലെടുക്കാൻ വോൾവ്‌സിനു കഴിയാതിരുന്നതു കൊണ്ടു മാത്രമാണ് മത്സരം ഒരൊറ്റ ഗോളിൽ ഒതുങ്ങിയത്.

"ടീമിന്റെ പ്രകടനം വേണ്ടത്രയായില്ല, ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടി, ഞങ്ങൾക്ക് പന്തിന്മേൽ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. പന്തിന്മേൽ ആധിപത്യം പുലർത്താതിരുന്ന സമയത്ത് ഞങ്ങൾ ആക്രമണോത്സുകത കാണിച്ചതുമില്ല. അവർക്കു മേൽ യാതൊരു സമ്മർദ്ദവും ഞങ്ങൾ ചെലുത്തിയില്ല."

"അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അനായാസമായ മത്സരം പോലെയായിരുന്നു. വളരെയധികം നിരാശപ്പെടുത്തിയ ഫലവും പ്രകടനവും. പന്തിന്മേൽ ഞങ്ങൾക്ക് യാതൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല, ഞങ്ങൾക്ക് യാതൊരു ആധിപത്യവും നേടാൻ കഴിഞ്ഞില്ല." മത്സരത്തിനു ശേഷം ബിബിസിയോട് സംസാരിക്കേ ലൂക്ക് ഷാ പറഞ്ഞു.

മത്സരത്തിൽ ടീം ഒറ്റക്കെട്ടായി നിൽക്കാതിരുന്നതാണ് പ്രകടനം മോശമാവാൻ കാരണമെന്നും ലൂക്ക് ഷാ പറഞ്ഞു. താരങ്ങളുടെ നിലവാരം മാത്രം മതിയാവില്ല പലപ്പോഴും മത്സരത്തിൽ വിജയം നേട്ടമാണെന്നും കൂടുതൽ തീവ്രതയും ഉത്തേജനവും മത്സരത്തിൽ കൊണ്ട് വരാൻ കളിക്കാർ തയ്യാറാകണമെന്നും ലൂക്ക് ഷാ പറഞ്ഞു.

മത്സരത്തിൽ തോൽവി നേരിട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് ഫോർ മോഹങ്ങൾ പരുങ്ങലിൽ ആയിരിക്കുകയാണ്. 19 മത്സരങ്ങൾ കളിച്ച് 31 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്ത് നിൽക്കുമ്പോൾ 18 മത്സരങ്ങൾ കളിച്ച് 33 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്തും 20 മത്സരങ്ങളിൽ നിന്നും 34 പോയിന്റുള്ള വെസ്റ്റ് ഹാം അഞ്ചാമതും നിൽക്കുന്നു. 20 മത്സരങ്ങളിൽ നിന്നും 35 പോയിന്റുള്ള ആഴ്‌സണലാണ് നിലവിൽ നാലാമതുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit