ചെൽസിയിൽ മഞ്ഞുരുകുന്നു, ടോട്ടനം ഹോസ്‌പറിനെതിരായ ലുക്കാക്കുവിന്റെ പ്രകടനത്തെ പ്രശംസിച്ച് ടുഷെൽ

Sreejith N
Liverpool v Chelsea - Premier League
Liverpool v Chelsea - Premier League / Michael Regan/GettyImages
facebooktwitterreddit

കറബാവോ കപ്പിൽ ടോട്ടനം ഹോസ്‌പറിനെതിരെ റൊമേലു ലുക്കാക്കു നടത്തിയ പ്രകടനത്തെ പ്രശംസിച്ച് ചെൽസി കോച്ച് തോമസ് ടുഷെൽ. ലുക്കാക്കു സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖം വിവാദമായതിനെ തുടർന്ന് താരത്തെ ലിവർപൂളുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പുറത്തിരുത്തുകയും പിഴശിക്ഷ നൽകുകയും ചെയ്‌തതിനു ശേഷം ബെൽജിയൻ താരം കളിച്ച ആദ്യത്തെ മത്സരമായിരുന്നു ഇന്നലത്തേത്.

മത്സരത്തിൽ ചെൽസിയുടെ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ച ലുക്കാക്കുവിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു. മൈതാനത്ത് സമ്മർദ്ദങ്ങൾ അതിജീവിക്കാനുള്ള താരത്തിനു നല്ല കഴിവുണ്ടെന്നു പറഞ്ഞ ജർമൻ പരിശീലകൻ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും പുറത്തു കടക്കാൻ താരത്തിന് ഉപദേശം നൽകുകയും ചെയ്‌തു.

"ലുക്കാക്കുവിന്റെ പ്രകടനത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. താരം കളിച്ച രീതി, കരുത്ത്, ആത്മാർഥത, പ്രതിരോധത്തിലെ സംഭാവന എല്ലാം മികച്ചതായിരുന്നു. വിവാദങ്ങൾ താരത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. വളരെ ശാന്തനായി തുടരുന്ന താരം നിലവിലെ സാഹചര്യത്തിൽ തൃപ്തനാണ്. മാനസികമായി ആ വിഷയത്തിൽ നിന്നും പുറത്തു കടക്കുകയും ചെയ്‌തിരിക്കുന്നു."

"താരം വളരെ അപകടകാരിയാണ്. തന്റെ ശരീരം എല്ലായിപ്പോഴും ഉപയോഗിക്കുന്ന ലുക്കാക്കു അപകടകരമായ സാഹചര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. ഞാനിത് പ്രതീക്ഷിച്ചിരുന്നു, കാരണം ലുക്കാക്കുവിന് സമ്മർദ്ദങ്ങളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാൻ കഴിയും."

"ഞങ്ങൾ തമ്മിൽ സംസാരിച്ചതിനു ശേഷവും ആ തീരുമാനം എടുത്തതിനു ശേഷം താരം വളരെ പിരിമുറുക്കം ഇല്ലാത്തയാളായി മാറിയിട്ടുണ്ട്. താരത്തിന്റെ പ്രകടനം കണ്ടപ്പോൾ ആ ശാന്തമായ അവസ്ഥ മനസിലാക്കാൻ എനിക്ക് കഴിയുകയും ചെയ്‌തു." ടുഷെൽ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഏതാനും ആഴ്‌ചകളായി വാർത്തകളിൽ ഇടം പിടിച്ച ലുക്കാക്കു വിവാദം സൗമ്യമായി അവസാനിച്ചത് ചെൽസി ആരാധകർക്കും ആശ്വാസം തന്നെയാണ്. ലുക്കാക്കു തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ കഴിഞ്ഞ സീസണിനു സമാനമായ നേട്ടങ്ങൾ സ്വന്തമാക്കാൻ ചെൽസിക്ക് കഴിയുമെന്നു തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit