ചെൽസിയിലെ സാഹചര്യങ്ങളിൽ തൃപ്‌തനല്ല, ഇന്ററിലേക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ടെന്ന് ലുക്കാക്കു
By Sreejith N

ചെൽസിയിലെ നിലവിലെ സാഹചര്യങ്ങളിൽ താൻ തൃപ്‌തനല്ലെന്ന് ടീമിലെ സൂപ്പർതാരമായ റൊമേലു ലുക്കാക്കു. ചെൽസിയുടെ പരിശീലകൻ തോമസ് ടുഷെൽ നടപ്പിലാക്കുന്ന സിസ്റ്റമാണ് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നു പറഞ്ഞ ബെൽജിയൻ താരം ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താൻ താൻ പരമാവധി ശ്രമിക്കുമെന്നും വ്യക്തമാക്കി. എന്നാൽ അതോടൊപ്പം തന്നെ തന്റെ മുൻ ക്ലബായ ഇന്റർ മിലാനിലേക്ക് തിരിച്ചു പോകാനുള്ള താൽപര്യവും ലുക്കാക്കു വെളിപ്പെടുത്തുകയുണ്ടായി.
"ശാരീരികപരമായി, മുമ്പത്തേക്കാൾ വളരെ നല്ല രീതിയിലാണ് ഞാനിപ്പോഴുള്ളത്. ഇറ്റലിയിലെ രണ്ടു വർഷങ്ങളിൽ, ഇന്ററിലെ പരിശീലകരുമായും ന്യൂട്രീഷനിസ്റ്റുകളുമായും ചേർന്നു പ്രവർത്തിച്ചത് ശാരീരികാപരമായി എന്നെ മികച്ചതാക്കിയിട്ടുണ്ട്." സ്കൈ സ്‌പോർട്സിനോട് സംസാരിക്കുമ്പോൾ ലുക്കാക്കു പറഞ്ഞു.
All is not well with Romelu Lukaku at Chelsea ? pic.twitter.com/bko8Qdgtla
— B/R Football (@brfootball) December 30, 2021
"നിലവിലെ സാഹചര്യത്തിൽ ഞാൻ തൃപ്‌തനല്ല, അതു വളരെ സ്വാഭാവികമായ കാര്യവുമാണ്. പ്രധാന പരിശീലകൻ ഒരു വ്യത്യസ്‌തമായ സിസ്റ്റമാണ് ഇവിടെ നടപ്പിലാക്കുന്നത്, എന്നാൽ വിട്ടുകളയാൻ എനിക്കാവില്ല. കൂടുതൽ കഠിനാധ്വാനവും പ്രൊഫെഷണൽ സമീപനവും എനിക്ക് വേണം. സാഹചര്യങ്ങളിൽ സന്തുഷ്ടനല്ലെങ്കിലും വിട്ടുകൊടുക്കാൻ എനിക്കാവില്ല." ലുക്കാക്കു വ്യക്തമാക്കി.
ഇന്റർ മിലാൻ വിട്ടതിലുള്ള തന്റെ നിരാശയും ലുക്കാക്കു വ്യക്തമാക്കി. ഇറ്റാലിയൻ ക്ലബിലും അവിടുത്തെ ആരാധകരിലും തനിക്കുണ്ടായിരുന്ന ഇഷ്‌ടം വെളിപ്പെടുത്തിയ ലുക്കാക്കു ശരിയായ സമയത്തായിരുന്നില്ല അവിടം വിട്ടതെന്നും ഭാവിയിൽ അവിടേക്കു തന്നെ തിരിച്ചു പോകാനുള്ള താൽപര്യമുണ്ടെന്നും അറിയിച്ചു. തന്നെ ഏറ്റവും മികച്ച രീതിയിൽ പരിഗണിച്ച ആരാധകരോട് അവിടം വിട്ടതിൽ താരം ക്ഷമാപണം നടത്തുകയും ചെയ്‌തു.
"ഇന്റർ എല്ലായിപ്പോഴും എന്റെ ഹൃദയത്തിലുണ്ടെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. അവിടേക്ക് തിരിച്ചു പോകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതെന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും വരുന്ന പ്രതീക്ഷയാണ്. കരിയറിന്റെ അവസാന കാലഘട്ടങ്ങളിൽ അല്ല, വളരെ മികച്ച പ്രകടനം നടത്തുന്ന സമയത്ത്, കൂടുതൽ വിജയങ്ങൾ നേടാനാണ് അവിടെയെത്തേണ്ടത്." ലുക്കാക്കു പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.