Football in Malayalam

റൊണാൾഡോ എന്റെ കരുത്ത് ആഗ്രഹിക്കുന്നുണ്ടാകും, ഞാനാഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ ഡ്രിബ്ലിങ്ങ്: ലുക്കാക്കു

Sreejith N
Manchester United v Juventus - UEFA Champions League Group H
Manchester United v Juventus - UEFA Champions League Group H / Robbie Jay Barratt - AMA/Getty Images
facebooktwitterreddit

സീരി എ കിരീടവും ഗോൾഡൻ ബൂട്ടുമടക്കമുള്ള നേട്ടങ്ങൾക്കു വേണ്ടി പരസ്‌പരം മത്സരിച്ച ഒരു സീസണു ശേഷം യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്റർ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവും യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലും മുഖാമുഖം വരാനിരിക്കയാണ്. പോർച്ചുഗലും ബെൽജിയവും തമ്മിൽ നടക്കുന്ന നോക്ക്ഔട്ടിലെ വമ്പൻ പോരാട്ടം കിരീടത്തിലേക്കുള്ള ഇരു ടീമുകളുടെയും യാത്രയിൽ ഏറ്റവും നിർണായകമായ മത്സരം കൂടിയാണ്.

നിലവിൽ അഞ്ചു ഗോളുമായി യൂറോ കപ്പിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ റൊണാൾഡോ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ മൂന്നു ഗോളുമായി ലുക്കാക്കു പിന്നിലുണ്ട്. യൂറോ കപ്പിലെ ഗോൾഡൻ ബൂട്ടിനു വേണ്ടി കൂടി മത്സരിക്കുന്ന ഇരുതാരങ്ങളും വീണ്ടും പരസ്‌പരം ഏറ്റുമുട്ടാനിരിക്കെ റൊണാൾഡോയെ സീരി എയിൽ നേരിട്ടത് തനിക്ക് വ്യക്തിപരമായി ഗുണം ചെയ്തിട്ടുണ്ടെന്നു പറഞ്ഞ ലുക്കാക്കു താരത്തിന്റെ ഡ്രിബ്ലിങ് മികവ് താൻ ആഗ്രഹിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.

"റൊണാൾഡോക്കെതിരെ കളിച്ചത് വ്യക്തിപരമായി എനിക്കു ഗുണം ചെയ്‌തിട്ടുണ്ട്‌. എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡ്രിബ്ലിങ് മികവും അദ്ദേഹം പന്ത് കിക്ക് ചെയ്യുന്ന രീതിയും ലഭിക്കണമെന്ന ആഗ്രഹമുണ്ട്. എന്റെ കരുത്ത് താരവും ആഗ്രഹിക്കുന്നുണ്ടാകും." ലുക്കാക്കു മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും പ്രധാന ടൂർണമെന്റുകളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ യൂറോപ്യൻ താരമെന്ന നേട്ടവും സ്വന്തമാക്കിയ റൊണാൾഡോ തന്നെ വിസ്‌മയിപ്പിക്കുന്നുണ്ടെന്നും ലുക്കാക്കു പറഞ്ഞു. ഈ നേട്ടം ആർക്കെങ്കിലും സ്വന്തമാക്കാൻ കഴിയുമെങ്കിൽ അത് റൊണാൾഡോക്കാണെന്നും അതു വീണ്ടും മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് അനുമോദനങ്ങളും ലുക്കാക്കു അറിയിച്ചു.

"എത്രവയസാണ് താരത്തിന്, 36? പോർട്ടൊക്കെതിരെ പരാജയപ്പെട്ട് യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയപ്പോൾ താരത്തിനെതിരെ ഉണ്ടായ വിമർശനങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്ത മത്സരത്തിൽ തന്നെ റൊണാൾഡോ ഹാട്രിക്ക് നേടി."

"ഈ പ്രായത്തിൽ എന്റെ അതെ ലീഗിൽ ഒരാൾക്ക് ഇങ്ങിനെയൊരു നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞുവെന്നത് പ്രചോദനം ഉണ്ടാക്കുന്നതാണ്. എന്തു കൊണ്ട് ആ തലത്തിലേക്കോ അതിനടുത്തേക്കോ എത്താൻ കഴിയുന്നില്ലെന്ന് നമ്മൾ ചിന്തിക്കും. എല്ലായിപ്പോഴും കണക്കിലെടുക്കാൻ കഴിയുന്ന താരമാണ് റൊണാൾഡോ, അദ്ദേഹം വിജയിക്കുകയും ചെയ്യും." ലുക്കാക്കു വ്യക്തമാക്കി.

facebooktwitterreddit