മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോൾ തന്നെ ലുക്കാക്കുവിന്റെ മനസിൽ ചെൽസിയും റയൽ മാഡ്രിഡും ഉണ്ടായിരുന്നുവെന്ന് ഏജന്റ്


ബെൽജിയൻ സ്ട്രൈക്കറായ ലുക്കാക്കു ചെൽസിയിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ച് പ്രതികരണവുമായി താരത്തിന്റെ ഏജന്റായ ഫെഡറികോ പാസ്റ്റോറില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്തു തന്നെ ലുക്കാക്കു ചെൽസിയിലേക്കുള്ള തിരിച്ചുവരവ് ഉന്നം വെച്ചിരുന്നുവെന്നു പറഞ്ഞ ഏജന്റ് 2020 സമ്മറിൽ മാഞ്ചസ്റ്റർ സിറ്റി ലുക്കാക്കുവിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നുവെന്നും വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫോം കണ്ടെത്താൻ കഴിയാതിരുന്ന ലുക്കാക്കു 2019ലാണ് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്ക് ചേക്കേറിയത്. അവിടെ തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരം നിരവധി വർഷങ്ങൾക്ക് ശേഷം ഇന്ററിനു സീരി എ കിരീടം സ്വന്തമാക്കി നൽകുകയും അതിനു പിന്നാലെ ചെൽസി ലുക്കാക്കുവിനെ സ്വന്തമാക്കുകയും ചെയ്തു. 2011 മുതൽ 2014 വരെ ചെൽസി താരമായിരുന്ന ലുക്കാക്കുവിന്റെ ക്ലബിലേക്കുള്ള മടങ്ങിവരവ് കൂടിയായിരുന്നു അത്.
Romelu Lukaku's agent opens up on Chelsea star's failed Man City transfer and Real Madrid dream. https://t.co/escSbY3NON
— Chelsea FC News (@Chelsea_FL) October 28, 2021
"മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള അവസാന സീസണിൽ ലുക്കാക്കുവിന്റെ മനസിൽ എല്ലായിപ്പോഴും ചെൽസി ഉണ്ടായിരുന്നു, റയൽ മാഡ്രിഡും ഉണ്ടായിരുന്നുവെന്ന് ഞാൻ അംഗീകരിക്കുന്നു. അതുപക്ഷേ കരിയറിനെക്കുറിച്ചുള്ള മറ്റൊരു തലത്തിലുള്ള സ്വപ്നമാണ്, പക്ഷെ ചെൽസി എല്ലായിപ്പോഴും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു എന്നത് നൂറു ശതമാനം ഉറപ്പാണ്."
"ചെറുപ്പത്തിൽ ഉണ്ടായിരുന്ന സ്നേഹം നിലനിൽക്കുന്നതു കൊണ്ടു തന്നെ താരത്തിന് തിരിച്ചുവരാനുള്ള ആഗ്രഹം എല്ലായിപ്പോഴും ഉണ്ടായിരുന്നു. അത് അഭിമാനത്തിന്റെ കൂടി കാര്യമായിരുന്നു. അതു താരത്തിന്റെ തലയിലും മനസിലും എല്ലായിപ്പോഴും ഉണ്ടായിരുന്നു." സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ പാസ്റ്റോറില്ല പറഞ്ഞു.
ടെലെഗ്രാഫിനു നൽകിയ അഭിമുഖത്തിലാണ് ലുക്കാക്കുവിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തിയിരുന്നതിനെ കുറിച്ച് പാസ്റ്റോറില്ല പറഞ്ഞത്. വളരെ സീരിയസായ സമീപനമാണ് സിറ്റി നടത്തിയതെങ്കിലും കോവിഡ് മഹാമാരി മൂലം യാത്രകൾ നടത്താൻ ബുദ്ധിമുട്ടുണ്ടായത് ചർച്ചകളെ ബാധിച്ചുവെന്നും പിന്നീട് സിറ്റി അതിൽ നിന്നും പിൻവാങ്ങുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.