Football in Malayalam

ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയിലേക്ക് ചേക്കേറാനൊരുങ്ങി അർജന്റൈൻ അത്ഭുതബാലൻ

Gokul Manthara
RCD Mallorca v Girona - La Liga SmartBank
RCD Mallorca v Girona - La Liga SmartBank / Quality Sport Images/Getty Images
facebooktwitterreddit

അർജന്റീനൻ ഫുട്ബോളിലെ അടുത്ത വലിയ സംഭവമെന്ന് വിശേഷിക്കപ്പെടുന്ന താരങ്ങളിലൊരാളായ ലൂക്ക റൊമേറോ സ്പാനിഷ് ക്ലബ്ബായ മയ്യോർക്കയിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയിലേക്ക് ചേക്കേറാനൊരുങ്ങുന്നു. 16 വയസ് മാത്രമുള്ള ഈ അത്ഭുത ബാലൻ യൂത്ത് തല മത്സരങ്ങളിൽ അർജന്റീനയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. കരിയറിൽ അടുത്ത തലത്തിലേക്ക് വളരുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സ്പെയിൻ വിടാൻ ഒരുങ്ങുന്നതെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

2015 മുതൽ റയൽ മയ്യോർക്കക്ക് വേണ്ടി കളിക്കുന്ന ലൂക്ക റൊമേറോ, അറ്റാക്കിംഗ് മിഡ്ഫീൽഡറാണ്. നേരത്തെ സ്പെയിന്റെ ദേശീയ യൂത്ത് ടീമിൽ കളിക്കാൻ ക്ഷണം വന്നെങ്കിലും അത് നിരസിച്ചിരുന്ന റൊമേറോ, അർജന്റീനക്ക് വേണ്ടി കളിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. എന്നാൽ ഇതു വരേക്കും അന്താരാഷ്ട്ര ഫുട്ബോളിൽ കളിച്ചിട്ടില്ലാത്ത ഈ കൗമാര താരം ഭാവിയിൽ തന്റെ അന്താരാഷ്ട്ര തട്ടകം സ്പെയിനിലേക്ക് മാറ്റാൻ തീരുമാനിച്ചാലും അതിൽ അദ്ഭുതപ്പെടാനില്ല.

അർജന്റീനയുടെ അണ്ടർ 15, അണ്ടർ 17 ടീമുകൾക്കായി കളിച്ചിട്ടുള്ള റൊമേറൊ ഇത്തവണത്തെ ഒളിമ്പിക്സിനുള്ള ദേശീയ ടീമിൽ ഇടം പിടിക്കുമെന്ന് കരുതിയെങ്കിലും, അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ അർജന്റീനയുടെ അണ്ടർ 23 ഒളിമ്പിക് പരിശീലകൻ ഫെർണാണ്ടോ ബാറ്റിസ്റ്റ തയ്യാറായിരുന്നില്ല‌. ഇത് ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കും വഴി വെച്ചിരുന്നു.

നിലവിൽ ഇറ്റാലിയൻ വമ്പന്മാരായ ലാസിയോയിൽ ചേരാൻ തയ്യാറെടുക്കുന്ന റൊമേറോ, അവിടെ വെച്ച് തന്റെ കരിയർ അടുത്ത തലത്തിലേക്ക് പരുവപ്പെടുത്തിയെടുക്കുമെന്നും അർജന്റൈൻ ദേശീയ ടീമിന്റെ ഭാവി പ്രതീക്ഷകളിൽ ഒരാളായി, ശക്തമായി അദ്ദേഹം സീനിയർ ഫുട്ബോളിലേക്ക് കടന്നു വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ അർജന്റൈൻ ആരാധകർ.

facebooktwitterreddit