ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കും; മാഴ്‌സലോ ക്ലബ് വിടും

റയൽ മാഡ്രിഡ് മധ്യനിര താരം ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബുമായുള്ള കരാർ പുതുക്കും. ക്ലബിൽ ഒരു വര്‍ഷംകൂടി തുടരാന്‍ മോഡ്രിച്ചും റയലും തമ്മിൽ ധാരണയായതായാണ് സ്‌പെയിനിലെ മാര്‍ക്ക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം, മറ്റൊരു സീനിയർ താരം മാഴ്‌സലോ ക്ലബ് വിടും. താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
റയല്‍ മാഡ്രിഡിലെ 15 വര്‍ഷത്തെ കരിയറിന് ശേഷമാണ് മാഴ്‌സലോ ക്ലബ് വിടുന്നത്. ഒരു കാലത്ത് റയലിന്റെ പ്രതിരോധത്തിലെ മിന്നും താരമായിരുന്ന മാഴ്‌സലോ അവസാന രണ്ട് വര്‍ഷമായി പരുക്കും ഫോമില്ലായ്മയും കാരണം പ്രതീക്ഷിച്ചത്ര പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
റയല്‍ മാഡ്രിഡിന് വേണ്ടി 546 മത്സരങ്ങള്‍ കളിച്ചാണ് 15 വര്‍ഷത്തെ സാന്റിയാഗോ ബെര്‍ണബ്യൂവിലെ കരാര്‍ മാഴ്‌സലോ അവസാനിപ്പിക്കുന്നത്. ഇക്കാലയളവില്‍ റയലിന്റെ 25 കിരീടനേട്ടങ്ങളില്‍ പങ്കാളിയാകാനും മാഴ്‌സലോക്ക് കഴിഞ്ഞിട്ടുണ്ട്. 2021-22 സീസണില്‍ 18 മത്സരത്തില്‍ മാത്രമേ മാഴ്‌സലോക്ക് കളിക്കാന്‍ കഴിഞ്ഞിട്ടുള്ളു.
അതേസമയം, 36 കാരമായ മോഡ്രിച്ച് റയൽ മാഡ്രിഡ് മധ്യനിരയിലെ നിർണായക സാന്നിധ്യമാണ്. 11 വര്‍ഷമായി റയലിന് വേണ്ടി ബൂട്ടണിയുന്ന മോഡ്രിച്ചിന് 2023വരെയുള്ള കരാറാണ് റയല്‍ നല്‍കുന്നതെന്നാണ് വിവരം.