റയൽ മാഡ്രിഡിൽ സെർജിയോ റാമോസിന്റെ അസാന്നിധ്യം വേദനിപ്പിക്കുന്നുണ്ടെന്ന് ലൂക്ക മോഡ്രിച്ച്


റയൽ മാഡ്രിഡ് നായകനായിരുന്ന സെർജിയോ റാമോസിന്റെ അഭാവം ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്ന് ക്ലബിന്റെ മധ്യനിര താരമായ ലൂക്ക മോഡ്രിച്ച്. കരാർ അവസാനിച്ചതോടെ കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡ് വിട്ട സെർജിയോ റാമോസ് നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ താരമാണ്.
പതിനാറു വർഷത്തോളം റയൽ മാഡ്രിഡ് ടീമിലെ പ്രധാന താരവും അതിനു ശേഷം നായകനും ആയിരുന്നതിനു ശേഷമാണ് റാമോസ് ക്ലബ് വിട്ടത്. പിഎസ്ജിയിലേക്ക് ചേക്കേറിയ താരത്തിനു പക്ഷെ പരിക്കിന്റെ പ്രശ്നങ്ങൾ കാരണം കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. എന്നാൽ റാമോസിന്റെ അഭാവത്തിലും റയൽ മാഡ്രിഡ് ലീഗും ചാമ്പ്യൻസ് ലീഗും നേടുകയും ചെയ്തു.
What Sergio Ramos did to me at Real Madrid – Modric https://t.co/bfKmYl4DGX
— Daily Post Nigeria (@DailyPostNGR) July 2, 2022
"വളരെ വിജയകരമായ ടീമുകളിൽ നിങ്ങൾക്കൊപ്പമുള്ള ഏതൊരു കളിക്കാരൻ പുറത്തു പോകുന്നതും വേദനിപ്പിക്കുന്ന കാര്യമാണ്. ഒൻപതു വർഷത്തിനു ശേഷം സെർജിയും പോയി. ഞാൻ ക്ലബിൽ വന്ന ദിവസം മുതൽ താരം എന്നോട് വളരെ അടുത്തിരുന്നു. എന്നെ പ്രോത്സാഹിപ്പിച്ച റാമോസ് ക്ലബുമായി ഇണങ്ങിച്ചേരാനും സഹായിച്ചു."
"എന്റെ പ്രതിഭയിൽ താരം വിശ്വസിച്ചിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു, കുടുംബങ്ങൾ ഒന്നിച്ചു കൂടിയിരുന്നു, ഒഴിവുകാലം ഒരുമിച്ച് ചെലവഴിച്ചിരുന്നു. മെസേജ് അയച്ചെങ്കിലും ഞങ്ങൾ ദിവസവും സംസാരിക്കാറുണ്ട്. താരത്തിനൊപ്പം ചിലവഴിച്ച സമയങ്ങൾ എനിക്ക് മിസ് ചെയ്യുന്നു, എന്നാൽ ഫുട്ബോളിൽ അതെല്ലാം സ്വാഭാവികമാണ്." മോഡ്രിച്ച് പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്തു.
റയൽ മാഡ്രിഡുമായി ഒരു വർഷത്തേക്കു കൂടി കരാർ പുതുക്കി തുടരാൻ തീരുമാനിച്ച മോഡ്രിച്ച് അതിനുമപ്പുറം ക്ലബിൽ ഉണ്ടാകുമെന്ന കാര്യത്തിലും ഉറപ്പു പറഞ്ഞില്ല. ഈ താരങ്ങൾ ഒന്നുമില്ലെങ്കിലും റയൽ മാഡ്രിഡ് കിരീടങ്ങളുടെ പാതയിൽ സഞ്ചരിക്കുമെന്നും ക്ലബാണ് എക്കാലവും സ്ഥിരതയോടെ നിൽക്കുന്ന ഒന്നെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.