Transfers

റയൽ മാഡ്രിഡുമായി 2025 വരെ കരാറുള്ള ലൂക്ക ജോവിച്ച് ഫ്രീ ട്രാൻസ്‌ഫറിൽ ഇറ്റാലിയൻ ക്ലബ്ബിലേക്ക്

Sreejith N
Luka Jovic To Join Fiorentina On Free Transfer
Luka Jovic To Join Fiorentina On Free Transfer / Soccrates Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ ലൂക്ക ജോവിച്ചിനെ ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീന സ്വന്തമാക്കുന്നത് ഫ്രീ ട്രാൻസ്‌ഫറിൽ. റയൽ മാഡ്രിഡുമായി മൂന്നു വർഷം കൂടി കരാർ ബാക്കിയുള്ള താരത്തെ സ്ഥിരം ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ ഫിയോറെന്റീന ഫീസ് ഒന്നും നൽകുന്നില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമം മാർക്ക വ്യക്തമാക്കുന്നത്.

ജർമൻ ക്ലബായ ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ടിൽ നിന്നും മൂന്നു വർഷം മുൻപാണ് ലൂക്ക ജോവിച്ച് 65 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. എന്നാൽ അൻപത്തിയൊന്നു മത്സരങ്ങളിൽ ഇക്കാലയളവിൽ കളിക്കാനിറങ്ങിയ താരത്തിന് ഇതുവരെ മൂന്നു ഗോളും അഞ്ച് അസിസ്റ്റും മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നത്.

ലോകകപ്പ് വരാനിരിക്കെ ലോൺ കരാറിൽ ജോവിച്ച് സീരി എ ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ട്രാൻസ്‌ഫർ ഫീസ് ഒന്നുമില്ലാതെ സ്ഥിരം കരാറിലാണ് താരം ക്ലബ് വിട്ടുകയെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. അതേസമയം താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ ആ ട്രാൻസ്‌ഫർ ഫീസിന്റെ അമ്പതു ശതമാനം റയൽ മാഡ്രിഡിന് ലഭിക്കുമെന്ന് ഉടമ്പടി വെച്ചിട്ടുണ്ട്.

2024 വരെ ഫിയോറെന്റീന കരാറൊപ്പിടാൻ പോകുന്ന ജോവിച്ച് തന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കാൻ തയ്യാറായിട്ടുണ്ട്. രണ്ടു വർഷത്തേക്കുള്ള താരത്തിന്റെ പ്രതിഫലത്തിന്റെ നിശ്ചിത ശതമാനം നൽകുക റയൽ മാഡ്രിഡ് ആയിരിക്കും. കരാറിൽ ബൈ ബാക്ക് ക്ലോസ് ഉൾപ്പെടുത്താൻ റയൽ മാഡ്രിഡ് ശ്രമിക്കുന്ന കാര്യവും മാർക്ക വെളിപ്പെടുത്തുന്നു.

ഫ്രാങ്ക്ഫർട്ടിൽ നടത്തിയ മികച്ച പ്രകടനമാണ് ജോവിച്ചിനെ റയൽ മാഡ്രിഡിൽ എത്തിച്ചതെങ്കിലും കരിം ബെൻസിമയെ മറികടക്കാൻ സെർബിയൻ താരത്തിന് കഴിയാതെ വന്നതോടെയാണ് ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്. സെർബിയ ലോകകപ്പിന് യോഗ്യത നേടിയ ടീമായതിനാൽ കൂടുതൽ അവസരങ്ങൾ ലഭിച്ച് ടൂർണമെന്റിന് മികച്ച രീതിയിൽ തയ്യാറെടുക്കുകയെന്ന ലക്ഷ്യവും താരത്തിനുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit