Football in Malayalam

വിജയത്തിന്റെ സന്തോഷത്തിൽ മുൻ സഹതാരത്തിന്റെ പുറത്തു കയറിയതിനു ചുവപ്പുകാർഡ്, പൊട്ടിക്കരഞ്ഞ് ലാസിയോ താരം

Sreejith N
SS Lazio v FC Internazionale - Serie A
SS Lazio v FC Internazionale - Serie A / Silvia Lore/GettyImages
facebooktwitterreddit

സീരി എ മത്സരത്തിൽ ഇന്റർ മിലാനെതിരെ നേടിയ വിജയം തന്റെ മുൻ സഹതാരവും നിലവിൽ ഇന്റർ താരവുമായി ജൊവാക്വിൻ കൊറേയയുടെ പുറത്തു കയറി ആഘോഷിച്ചതിന്റെ പേരിൽ ചുവപ്പുകാർഡ് ലഭിച്ചതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് ലാസിയോ ഡിഫൻഡർ ലൂയിസ് ഫെലിപ്പെ. ഇന്നലെ നടന്ന മത്സരത്തിൽ ലാസിയോ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയതിനു പിന്നാലെയാണ് തമാശയായി ചെയ്‌ത പ്രവൃത്തി ലൂയിസിനു വിനയായത്.

മത്സരത്തിനിടയിൽ തന്നെ ഇരുടീമുകളും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇന്റർ മിലൻറെ ഫെഡറികോ ഡിമാർക്കോ പരിക്കു പറ്റി കിടന്നിരുന്ന സമയത്ത് പന്ത് ഒഴിവാക്കുന്നതിനു പകരം കളി തുടർന്നാണ് ലാസിയോ മത്സരത്തിൽ 2-1നു മുന്നിലെത്തുന്നത്. അതിനു ശേഷം ഒരു ഗോൾ കൂടി നേടി ലാസിയോ വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

ഇന്റർ മിലാൻ താരങ്ങൾ അസ്വസ്ഥമായ മനസോടെ കളിക്കളം വിടുന്ന സമയത്ത് ലാസിയോയിൽ തന്റെ സഹതാരമായിരുന്ന, നിലവിൽ ഇന്റർ മിലാൻ മുന്നേറ്റനിരയിൽ കളിക്കുന്ന കൊറെയയുടെ പുറത്തേക്ക് തമാശരൂപത്തിൽ ഫെലിപ്പെ ചാടിക്കയറുകയായിരുന്നു. എന്നാൽ തന്റെ മുൻ സഹതാരത്തിന്റെ പ്രവൃത്തി - ആളെ മനസിലാവാഞ്ഞിട്ടോ, അതോ നിരാശ കൊണ്ടോ ആയിരിക്കാം - കൊറേയ ഒട്ടും തമാശയായി എടുത്തില്ല. അർജന്റീനിയൻ താരം ഒട്ടും സൗഹൃദം കാണിക്കാതെ അതിനോട് പ്രതികരിച്ചപ്പോൾ റഫറി ഫെലിപ്പേക്ക് ചുവപ്പുകാർഡ് നൽകുകയായിരുന്നു.

തന്റെ നിരപരാധിത്വം തെളിയിക്കാനും താൻ ചെയ്‌തത്‌ തന്റെ സുഹൃത്തിനോടുള്ള വെറും തമാശപ്രകടനം മാത്രമായിരുന്നു എന്ന് ബോധ്യപ്പെടുത്താനും ഫെലിപ്പെ ശ്രമിച്ചെങ്കിലും റഫറി അതു പരിഗണിച്ചില്ല. ഇതിനെ തുടർന്നാണ് ബ്രസീലിയൻ താരം മൈതാനത്തിരുന്നു പൊട്ടിക്കരഞ്ഞത്.

ചുവപ്പുകാർഡ് നൽകാനുള്ള തീരുമാനം പിൻവലിക്കപ്പെട്ടില്ലെങ്കിൽ അടുത്ത മത്സരം ഫിലിപ്പേക്ക് നഷ്‌ടമാകും. റഫറിയെ അധിക്ഷേപിച്ചതിനു സസ്‌പെൻഷൻ നേടിയ അസെർബി അടുത്ത മത്സരം കളിക്കില്ലെന്നിരിക്കെ ഫെലിപ്പേയും പുറത്താകുന്നത് ലാസിയോക്ക് കനത്ത തിരിച്ചടി തന്നെയാണ്.


facebooktwitterreddit