പ്രതിഫലം കുറക്കാൻ തയ്യാർ, ലൂയിസ് സുവാരസിന് ബാഴ്സലോണയിലേക്ക് തിരിച്ചെത്തണം


വരുന്ന സീസണിലേക്ക് ബാഴ്സലോണ പ്രധാനമായി ലക്ഷ്യം വെക്കുന്നത് ഒരു മികച്ച സ്ട്രൈക്കറെയാണ്. എർലിങ് ഹാലൻഡിനെയാണ് അവർ പ്രധാനമായും നോട്ടമിട്ടിരുന്നത് എങ്കിലും താരത്തിന്റെ ട്രാൻസ്ഫർ ഡിമാൻഡുകൾ ബാഴ്സക്ക് അംഗീകരിക്കാൻ അപ്രാപ്യമാണ്. നിലവിൽ ബയേൺ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സലോണയുടെ ലിസ്റ്റിൽ പ്രധാനി.
അതിനിടയിൽ നിലവിൽ അത്ലറ്റികോ മാഡ്രിഡിന്റെ താരമായ ലൂയിസ് സുവാരസ് ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സ്പാനിഷ് മാധ്യമം എൽ ചിരിങ്കുയിറ്റോയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചു പോകാൻ പ്രതിഫലം വെട്ടിക്കുറക്കാനും സുവാരസ് തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
? Luis Suarez could agree to return to the Camp Nou by accepting a pay cut if he receives an offer from Barcelona. #ForçaBarça #Atleti https://t.co/lDSp9WSleX pic.twitter.com/iepSIAjZGZ
— Ekrem KONUR (@Ekremkonur) May 6, 2022
ഈ സീസണോടെ അത്ലറ്റികോ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന ലൂയിസ് സുവാരസ് ഒരു വർഷം കൂടി ടോപ് ലെവൽ ഫുട്ബോളിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. ഖത്തർ ലോകകപ്പിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കാൻ ബാഴ്സലോണയിലേക്കുള്ള തിരിച്ചു പോക്ക് സഹായിക്കുമെന്നും സുവാരസ് കരുതുന്നു.
ബാഴ്സലോണക്ക് സുവാരസിന്റെ താൽപര്യത്തെക്കുറിച്ച് അറിയാമെങ്കിലും ഇപ്പോൾ താരത്തോട് കാത്തിരിക്കാനാണ് അവർ ആവശ്യപ്പെടുന്നത്. സുവാരസിന് പഴയ ഫോം ഇപ്പോഴില്ല എന്നതിനാൽ തന്നെ കുറച്ചുകൂടി മികച്ച താരങ്ങളെയാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ യുറുഗ്വായ് താരം ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള സാധ്യത പൂർണമായും തള്ളാൻ കഴിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.