Football in Malayalam

യൂറോപ്പിൽ സുവാരസിന്റെ അവസാന നാളുകൾ, താരം അത്ലറ്റികോ മാഡ്രിഡ് വിടാനൊരുങ്ങുന്നു

Sreejith N
Granada v Atletico Madrid - La Liga Santander
Granada v Atletico Madrid - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച മുന്നേറ്റനിര താരങ്ങളിൽ ഒരാളായ ലൂയിസ് സുവാരസിന്റെ യൂറോപ്പിലെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നു റിപ്പോർട്ടുകൾ. ഈ സീസൺ അവസാനിക്കുന്നതോടെ അത്ലറ്റികോ മാഡ്രിഡ് വിടുന്ന യുറുഗ്വായ് താരം അമേരിക്കൻ ലീഗിലേക്ക് ചേക്കേറുമെന്നാണ് ഇറ്റാലിയൻ മാധ്യമമായ കൊറേറെ ഡെല്ലാ സെറ റിപ്പോർട്ടു ചെയ്യുന്നത്.

ബാഴ്‌സലോണക്കു വേണ്ടി സാധ്യമായതെല്ലാം നേടിയെടുത്തതിനു ശേഷം അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ലൂയിസ് സുവാരസ് കഴിഞ്ഞ സീസണിൽ ടീമിനു സ്‌പാനിഷ്‌ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു എങ്കിലും ഈ സീസണിൽ ഫോമിലെത്താൻ കഴിഞ്ഞിട്ടില്ല. പല മത്സരങ്ങളിലും സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തന്റെ രോഷം താരം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

രണ്ടു വർഷത്തെ കരാറിൽ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ സുവാരസ് അതിനു ശേഷം അത് നീട്ടുന്ന കാര്യം ആലോചിക്കുന്നില്ലെന്നാണ് ഇറ്റാലിയൻ മാധ്യമം വ്യക്തമാക്കുന്നത്. എംഎൽഎസിൽ കളിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള താരം ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ.

അത്ലറ്റികോ മാഡ്രിഡിനൊപ്പമുള്ള ആദ്യ സീസണിൽ 38 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയിട്ടുള്ള ലൂയിസ് സുവാരസിന് ഈ സീസണിൽ 25 മത്സരങ്ങളിൽ നിന്നും ആകെ നേടാൻ കഴിഞ്ഞത് എട്ടു ഗോളുകൾ മാത്രമാണ്. പ്രായത്തിന്റെ പ്രശ്‌നങ്ങൾ കളിക്കളത്തിൽ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന താരം അതുകൊണ്ടു തന്നെയാണ് യൂറോപ്പിനെ അപേക്ഷിച്ച് കൂടുതൽ മത്സരം ആവശ്യമില്ലാത്ത അമേരിക്കൻ ലീഗിലേക്ക് ചേക്കേറുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit