Transfers

യുറുഗ്വായൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്നു സ്ഥിരീകരിച്ച് ലൂയിസ് സുവാരസ്

Sreejith N
Luis Surez To Join Nacional
Luis Surez To Join Nacional / Juan Manuel Serrano Arce/GettyImages
facebooktwitterreddit

യുറുഗ്വയ്ൻ ക്ലബായ നാഷണലിലേക്ക് ചേക്കേറുമെന്ന് ലൂയിസ് സുവാരസ് സ്ഥിരീകരിച്ചു. അത്ലറ്റികോ മാഡ്രിഡ് വിട്ട് ഫ്രീ ഏജന്റായ താരവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന നിരവധി ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമായത്.

തന്റെ പതിനാലാം വയസിൽ നാഷനലിലേക്ക് ചേക്കേറിയ സുവാരസിനെ സംബന്ധിച്ച് ഇതൊരു മടങ്ങിപ്പോക്കു കൂടിയാണ്. 2005ൽ ക്ലബിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച താരം ഒരു വർഷത്തിനു ശേഷം ഡച്ച് ക്ലബായ ഗ്രോണിംഗ്‌നനിലേക്ക് ചേക്കേറിയതിനു ശേഷം യൂറോപ്പിലെ ഒന്നാം നമ്പർ സ്‌ട്രൈക്കറായി വളർന്നു.

സ്പെയിനിൽ ബാഴ്‌സലോണക്കും അത്ലറ്റികോ മാഡ്രിഡിനും വേണ്ടി കളിച്ചിട്ടുള്ള താരം അഞ്ചു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗുമടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. യുറുഗ്വായ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടാനും സുവാരസിന് കഴിഞ്ഞു.

യൂറോപ്പിൽ തന്നെ തുടരാനാണ് സുവാരസിന് താല്പര്യം ഉണ്ടായിരുന്നതെങ്കിലും കൂടുതൽ ഓഫറുകൾ താരത്തിന് ലഭിച്ചില്ല. ഖത്തർ ലോകകപ്പ് അടുത്തിരിക്കെ മികച്ച രീതിയിൽ തയ്യാറെടുക്കാൻ വേണ്ടിയാണ് സുവാരസ് നാഷനലിനെ തിരഞ്ഞെടുത്തത്.

നിലവിൽ പ്രീ എഗ്രിമെന്റ് മാത്രമാണ് നാഷണലുമായി ഉള്ളതെന്നും താരം അറിയിച്ചിട്ടുണ്ട്. സമീപദിവസങ്ങളിൽ തന്നെ കരാർ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.

facebooktwitterreddit