മെസിയുടെയും റൊണാൾഡോയുടെയും കാലഘട്ടത്തിൽ ഗോൾഡൻ ബൂട്ട് നേടിയ തന്നെ പതിനഞ്ചു വയസുകാരനെപ്പോലെ കൂമാൻ അവഗണിച്ചു: സുവാരസ്


2020ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ തന്നെ അവഗണിച്ച രീതി ഇപ്പോഴും മറന്നിട്ടില്ലെന്ന് യുറുഗ്വായ് താരം ലൂയിസ് സുവാരസ്. സുവാരസിനെ ടീമിൽ നിന്നും ഒഴിവാക്കാൻ താൽപര്യമുണ്ടായിരുന്നതു കൊണ്ട് താരത്തോട് ഒറ്റക്ക് ട്രെയിൻ ചെയ്യാൻ പരിശീലകനായ റൊണാൾഡ് കൂമാൻ നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് ക്ലബ് വിട്ട താരം ബാഴ്സലോണയുടെ പ്രധാന എതിരാളികളായ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുകയും അവർക്കൊപ്പം ലാ ലിഗ കിരീടം നേടുകയും ചെയ്തു.
"അതെ, കർമയിൽ ഞാൻ വിശ്വസിക്കുന്നു. കർമ, വിധി അവ നിങ്ങളെ പുച്ഛിക്കും. കഴിഞ്ഞ വർഷം പ്രീ സീസണിൽ ഒറ്റക്ക് ട്രെയിനിങ്ങിനയച്ച് എന്നെ ദേഷ്യം പിടിപ്പിച്ചത് ഞാൻ മറന്നിട്ടില്ല. ഞാനൊരു പ്രൊഫെഷനലാണ്, പരിശീലകൻ തന്നെ അതു പറഞ്ഞിട്ടുണ്ട്. പ്രൊഫെഷനലായ ഞാൻ പരാതിപ്പെടാതെ എല്ലാ ദിവസവും ട്രെയിനിങ് നടത്തിയിരുന്നു. ഞാൻ അങ്ങിനെയാണ്, ഓരോ വിധിക്കും അതിന്റേതായ അവസാനവുമുണ്ടാകും." ടിവിഇവണ്ണിനോട് സംസാരിക്കുമ്പോൾ സുവാരസ് പറഞ്ഞു.
?️ "Yes, I believe in karma."https://t.co/7bCjjJlglA
— MARCA in English (@MARCAinENGLISH) September 30, 2021
കളിച്ച ടീമുകളയെല്ലാം മുൻനിരയിൽ നിന്നു നയിക്കുന്നത് ഒരു ഉത്തരവാദിത്വമാണെന്നു കരുതുന്ന താൻ മറ്റു വ്യക്തിഗത നേട്ടങ്ങളെക്കാൾ മതിക്കുന്നത് ഗോൾഡൻ ബൂട്ടിനെ ആണെന്നും സുവാരസ് വ്യക്തമാക്കി. "അതെനിക്കിഷ്ട്ടമാണ്, അങ്ങിനെയൊരു ഉത്തരവാദിത്വം ഉണ്ടെന്നു കരുതുന്നത്. ഫുട്ബോളിലെ ഉന്നതിയിൽ എത്താൻ വളരെയധികം പോരാടിയിട്ടുള്ള ഞാൻ കണക്കുകൾ നോക്കുമ്പോൾ അതു നേടിയെടുത്തത് കഠിനമായ വഴികളിലൂടെ തന്നെയാണ്."
"ഞാനെല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്: റൊണാൾഡോയുടെയും മെസിയുടെയും കാലഘട്ടത്തിൽ രണ്ടു ഗോൾഡൻ ബൂട്ടുകൾ ഞാൻ നേടിയിട്ടുണ്ട്. എനിക്കതിൽ അഭിമാനമുണ്ട്, കാരണം ഞാനവരെ തോൽപ്പിച്ചത് ആളുകൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലല്ല, കണക്കുകളിലാണ്, അതിനു വളരെയധികം മൂല്യവുമുണ്ട്." സുവാരസ് പറഞ്ഞു.
കൂമാൻ പതിനഞ്ചു വയസുള്ള ഒരു കുട്ടിയോടെന്ന പോലെ തന്നോട് അവജ്ഞ കാണിച്ചുവെന്നും ബാർട്ടമോ താൻ ഡ്രസിങ് റൂമിലെ മോശം പെരുമാറ്റക്കാരനാണെന്നു പറഞ്ഞതായും വെളിപ്പെടുത്തിയ സുവാരസ് ലയണൽ മെസിയില്ലാത്തപ്പോൾ ബാഴ്സലോണയെ നയിക്കേണ്ട ഉത്തരവാദിത്വം തനിക്കാണെന്നു കരുതിയതു കൊണ്ടു കൂടിയാണ് റയൽ മാഡ്രിഡിനെതിരെ മെസിയുടെ അഭാവത്തിലും ഹാട്രിക്ക് നേടാൻ കഴിഞ്ഞതെന്നും വ്യക്തമാക്കി.