എംഎൽഎസ് ക്ലബുകളിൽ നിന്നും നിരവധി ഓഫറുകൾ, ഭാവിയെക്കുറിച്ച് വെളിപ്പെടുത്തി ലൂയിസ് സുവാരസ്


അത്ലറ്റികോ മാഡ്രിഡ് വിട്ട് ഫ്രീ ഏജന്റായതിനു പിന്നാലെ തനിക്കായി നിരവധി എംഎൽഎസ് ക്ലബുകൾ ഓഫറുമായി രംഗത്തുണ്ടെന്നു വെളിപ്പെടുത്തി യുറുഗ്വായ് സ്ട്രൈക്കർ ലൂയിസ് സുവാരസ്. ഈ ക്ലബുകളുടെ ഓഫറുകളൊന്നും തഴഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയ താരം ഭാവിയെക്കുറിച്ച് കരുതലോടെ മാത്രമേ തീരുമാനം എടുക്കൂവെന്നും വ്യക്തമാക്കി.
മുപ്പത്തിയഞ്ചു വയസുള്ള സുവാരസിന്റെ അടുത്ത നീക്കം എംഎൽഎസ് ക്ലബിലേക്കു തന്നെയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ നവംബർ, ഡിസംബർ മാസങ്ങളിൽ ലോകകപ്പ് നടക്കാനിരിക്കെ അതിനായി ഏറ്റവും നല്ല രീതിയിൽ തയ്യാറെടുക്കാൻ കഴിയുന്ന ക്ലബ്ബിലേക്ക് ചേക്കേറണമെന്നു സുവാരസ് പരിഗണിക്കുന്നതു കൊണ്ടാണ് താരം നിലവിൽ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാത്തത്.
Luis Suarez says he has received "five or six" offers from MLS teams..
— herculez gomez (@herculezg) July 11, 2022
Will decide future in coming weeks.
Who could use him? #FutbolAmericas https://t.co/ghaNBwRwOD
"ചില സാധ്യതകളെല്ലാം ജനുവരിയിലേതാണ്, എനിക്കതെല്ലാം വിലയിരുത്തണം. എംഎൽഎസ് മാർക്കറ്റ് വളരെ സങ്കീർണമാണ്, ചില ക്ലബുകൾക്ക് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും ഒഴിവുകൾ ഉണ്ടാവില്ല. അത് ജനുവരിയിലാണുണ്ടാവുക. മറ്റു ക്ലബുകൾക്ക് നിങ്ങളെ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും അവർക്ക് പ്ലേ ഓഫ് സാധ്യത ഉണ്ടോയെന്ന് വിലയിരുത്തണം."
"എല്ലാ ഓഫറുകളും ശ്രദ്ധിക്കുന്ന ഞാൻ ആർക്കു നേരെയും വാതിൽ അടക്കുന്നില്ല. പക്ഷെ ചില എംഎൽഎസ് ടീമുകൾ പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കിൽ അവരുടെ സീസൺ അവസാനിക്കുക ഒക്ടോബറിൽ ആയിരിക്കും, അതെനിക്ക് ഗുണകരമാവില്ല. ലോകകപ്പിന് ഒരു മാസം മുൻപേ കളിയവസാനിപ്പിക്കുന്നത് എനിക്ക് നല്ലതല്ല." സുവാരസ് റേഡിയോ സ്പോർട്ട് 890യോട് പറഞ്ഞു.
ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച സുവാരസിനു യൂറോപ്പിൽ തന്നെ തുടരാനാണ് താല്പര്യമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യൂറോപ്പിലെ പ്രധാന ക്ലബുകളൊന്നും ഇതുവരെയും താരത്തിനു വേണ്ടി ശ്രമം നടത്തുന്നില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.